KOYILANDY DIARY

The Perfect News Portal

കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജണ്ടയുടെ പ്രഖ്യാപനമാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം > ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ അതാതിടത്തെ ക്ഷേത്രകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജണ്ടയുടെ പ്രഖ്യാപനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.  കേരളത്തെ വര്‍ഗീയ സംഘര്‍ഷ ‘ഭൂമിയാക്കാനുള്ള ആര്‍ എസ് എസ് അജണ്ടയാണ് കുമ്മനത്തിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. കഴിഞ്ഞ മാസം ആര്‍ എസ് എസ് തലവന്‍ പങ്കെടുത്ത് നടന്ന കണ്ണൂര്‍യോഗത്തിന്റെ തീരുമാനമാണോ ഈ പുതിയ നീക്കം എന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. ശബരിമലയില്‍ പോകുന്നവര്‍ എരുമേലിയിര്‍ വാവര്‍ പളളി സന്ദര്‍ശിക്കുന്നതടക്കമുള്ള കേരളത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാനാണ് ആര്‍ എസ് എസ് ശ്രമം. പ്രസിദ്ധമായ ആരാധനാലയങ്ങളുടെ പരിസരത്ത് ജാതിമത ഭേദമില്ലാതെ ജനങ്ങള്‍ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന നാടാണ് കേരളം. ആരാധനാലയങ്ങള്‍ക്ക് പുറത്ത് കച്ചവടം നടത്തി ജീവിക്കുന്നവരെ മതം തിരിച്ച് വിലക്കണം എന്ന് ഏതു വര്‍ഗീയ വാദി പറഞ്ഞാലും അംഗീകരിക്കാനാവില്ല. ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ നിസ്സംഗമായി കണ്ടു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഗുരുതരമായ കൃത്യവിലോപമാണ് നടത്തുന്നത്.

വ്യത്യസ്ത മതസ്ഥര്‍ക്ക് ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്യ്രം ഉണ്ട്്. അതുപോലെ തന്നെ പൌരന്‍മാര്‍ക്ക് ജീവിതായോധനത്തിനും അവകാശമുണ്ട്. അതു നിഷേധിച്ച് വര്‍ഗീയ കാര്‍ഡ് ഇറക്കാനും ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിച്ചാല്‍ മതനിരപേക്ഷ കേരളം ഒറ്റ മനസ്സായി പ്രതികരിക്കും.

ആര്‍ എസ് എസിന്റ കണ്ണൂര്‍ ബൈഠക്കില്‍ എന്തൊക്കെ തീരുമാനങ്ങള്‍ എടുത്തു, സംഘപരിവാര്‍ കേരളത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ എങ്ങനെ ഇടപെടുന്നു എന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നത് കേരളത്തിലെ ജനങ്ങളോടുള്ള കൊടും പാതകമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Advertisements