KOYILANDY DIARY.COM

The Perfect News Portal

കുതിരാനിലേത്‌ ദക്ഷിണേന്ത്യയിലെ ഏക ഇരട്ടക്കുഴല്‍ തുരങ്കം

തൃശൂര്‍: ദക്ഷിണേന്ത്യയില്‍ ദേശീയപാതയിലെ ഏക ഇരട്ടക്കുഴല്‍ തുരങ്കമാണ് കുതിരാനിലേത്. 970 മീറ്ററാണ് തുരങ്കത്തിന്റെ നീളം. 14 മീറ്ററാണ് വീതി. 10 മീറ്ററാണ് ഉയരം. തുരങ്കങ്ങള്‍ തമ്മിലുള്ള അകലം 24 മീറ്റര്‍. അകത്ത് രണ്ടു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന രണ്ട് ഇടനാഴികള്‍. പാലക്കാട് ഭാഗത്തു നിന്നും പീച്ചി റിസര്‍വോയറിന് മുകളിലെ പാലത്തിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുക.

പാലക്കാട് നിന്നും വരുന്ന വാഹനങ്ങളെ ഒന്നാമത്തെ തുരങ്കത്തിനകത്തുകൂടി കടത്തിവിടും. മൂന്നു കിലോമീറ്റര്‍ നീളമുള്ള കുതിരാന്‍ മേഖല 965 മീറ്ററായി കുറയും. കെഎംസി നിയോഗിച്ച ഏജന്‍സി നടത്തിയ പഠനം അനുസരിച്ച്‌ 20 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനം മൂന്ന് മിനിറ്റ് കൊണ്ട് തുരങ്കം കടന്നുപോകും. ഇതോടെ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാവും. 200 കോടിയാണ് പദ്ധതിച്ചെലവ്.

തുരങ്കത്തിന്റെ ഇരുഭാഗങ്ങളിലും ഉരുക്കു വല ഘടിപ്പിച്ച്‌ ബലപ്പെടുത്തി അതിനുമുകളില്‍ കോണ്‍ക്രീറ്റിട്ടിട്ടുണ്ട്. അഗ്നിശമനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വെള്ളം ലഭ്യമാക്കാന്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മിച്ചു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്, ചൂട്, വെളിച്ചം എന്നിവ അളക്കുന്നതിനുള്ള സെന്‍സറുകള്‍ സ്ഥാപിച്ചു. 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ബന്ധപ്പെടാനുള്ള ടെലിഫോണ്‍ കേബിളുകളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചു.

തുരങ്കത്തിനകത്തെ പ്രകാശസംവിധാനത്തിനായി 150 വാട്ട്സിന്റെ 1200 ലൈറ്റുകള്‍ രണ്ടു വരികളിലായി സ്ഥാപിച്ചിട്ടുണ്ട്. രാത്രിയും പകലും ഇത് ഓഫ് ചെയ്യില്ല. പകല്‍സമയത്ത് കിഴക്കു ഭാഗത്തു നിന്നും വാഹനങ്ങള്‍ പ്രവേശിക്കുമ്ബോള്‍ പകല്‍ വെളിച്ചവുമായി പൊരുത്തപ്പെടുന്ന കാഴ്ച സാധ്യമാക്കാന്‍ ആദ്യത്തെ 50 മീറ്ററില്‍ ഉയര്‍ന്ന പ്രകാശവും പിന്നീട് ക്രമാനുഗതമായി കുറയുകയും ചെയ്യുന്ന രീതിയാണ് സജ്ജമാക്കിയിട്ടുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *