KOYILANDY DIARY.COM

The Perfect News Portal

കുട്ടികള്‍ക്കിടയില്‍ ലഹരി തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരംകുട്ടികള്‍ക്കിടയില്‍ ലഹരി തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് ഇ എസ് ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും ദുരുപയോഗവും അണുകുടുംബങ്ങളിലെ ഒറ്റപ്പെടലുകളും ഇത്തരം പ്രവണതകള്‍ക്ക് കാരണമാകുന്നതിനാല്‍ ഈ സാഹചര്യങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധ തരത്തിലുള്ള ദുഷ്പ്രവണതകളില്‍ അകപ്പെടുന്നതും മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കാരണവും കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യ പോലുള്ള പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന സ്ഥിതിയുണ്ടെന്നും അതോടൊപ്പം, മറ്റു തരത്തിലുള്ള സ്വാധീനങ്ങളില്‍പ്പെട്ട് അക്രമപ്രവര്‍ത്തനങ്ങളില്‍ അറിയാതെ എത്തിപ്പെടുന്നവരും കുറവല്ലെന്നും മന്ത്രി പറഞ്ഞു. 

കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ലഹരി ഉപയോഗം നാം കൈവരിച്ച സാംസ്‌കാരിക മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും നന്മകളെ തകര്‍ക്കുന്ന സാമൂഹ്യ വിപത്താണ്. ഇതിന് ബോധവല്‍ക്കരണം ആവശ്യമാണെന്നും അത് വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപക – രക്ഷാകര്‍തൃ സമിതിക്കുമാണ് ഇതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.

Advertisements

ഇത്തരത്തില്‍ ലഹരി മരുന്നിന്റെ ദൂഷ്യവശങ്ങള്‍ പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ അവബോധം സൃഷ്ടിക്കുവാനും ലക്ഷ്യമിട്ടാണ് ‘വിമുക്തി’ എന്ന ബോധവല്‍ക്കരണ മിഷന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ബോധവല്‍ക്കരണത്തോടൊപ്പം, നിയമങ്ങളുടെ കര്‍ശന നിര്‍വ്വഹണവും വിമുക്തിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാമ്ബസുകളിലെ കര്‍ശന നിരീക്ഷണത്തോടൊപ്പം കൗമാരക്കാര്‍ ദു:സ്വാധീനങ്ങളില്‍പ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതുപോലെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം (ICPS), ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ORC) ‘കാവല്‍’, സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് പ്രോഗ്രാം, ‘കരുതല്‍ സ്പര്‍ശം’, ക്ലീന്‍ കാമ്ബസ് സേഫ് കാമ്ബസ് എന്നിവയെല്ലാം ലഹരി വിമുക്തി ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ്. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവ വഴിയാണ് ഈ പദ്ധതികളെല്ലാം നടപ്പിലാക്കി വരുന്നത്.

കൗമാരക്കാരെ വഴിതെറ്റിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകള്‍ പോലീസിന്റെ ഹൈടെക് എന്‍ക്വയറി സെല്ലും സൈബര്‍ ഡോമും നിരീക്ഷിക്കുകയും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിച്ച്‌ നടപ്പിലാക്കുന്നുണ്ട്.

കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങ് നല്‍കി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ കാവല്‍ക്കൂട്ടം എന്ന പദ്ധതിയും, സൈബര്‍ ലോകത്തിന്റെ ചതിക്കുഴികളില്‍ വീഴാതിരിക്കാനായി സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പോലീസ് ആസൂത്രണം ചെയ്തിട്ടുള്ള ‘കാവല്‍’ എന്ന പദ്ധതി നടപ്പിലാക്കിയതോടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ വീണ്ടും അത്തരം പ്രവണതയിലേയ്ക്ക് പോകുന്നതിന്റെ എണ്ണം 25 ശതമാനത്തില്‍നിന്നും 4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഉത്തരവാദിത്വ രക്ഷാകര്‍ത്തിത്വം ഉറപ്പുവരുത്തുന്നതിനായി എല്ലാ പഞ്ചായത്തുകളിലും അംഗനവാടികള്‍ കേന്ദ്രീകരിച്ച്‌ മാതാപിതാക്കളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കുന്നതിനായി ‘കരുതല്‍ സ്പര്‍ശം’ എന്ന പദ്ധതിയും നടപ്പാക്കിവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലഹരിയുടെ വലക്കണ്ണികള്‍ അനുദിനം വ്യാപിച്ചുവരുന്നത് തിരിച്ചറിഞ്ഞുകൊണ്ട് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ഈ വിപത്തിനെ നേരിടാന്‍ ഒന്നായി പ്രവര്‍ത്തിക്കാമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *