KOYILANDY DIARY

The Perfect News Portal

കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കുട്ടികൊമ്പനെ രക്ഷപ്പെടുത്തി

കോതമംഗലം: മലയോരമേഖലയായ കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കുട്ടികൊമ്പനെ രക്ഷപ്പെടുത്തി. ഉരുളന്‍തണ്ണി ഒന്നാംപാറ കിളിരൂര്‍ ജോമോന്റെ പുരയിടത്തിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ കുട്ടിക്കൊമ്പന്‍ വീണത്. പത്തോളം ആനകളടങ്ങുന്ന സംഘം തീറ്റതേടി ഇറങ്ങിയപ്പോഴാണ് കൂട്ടത്തിലെ ഒരു കുട്ടിക്കൊമ്പന്‍ കിണറ്റില്‍ വീണത്. കുഞ്ഞിനെ കരകയറ്റാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കാട്ടാനക്കൂട്ടം കിണറിന് കാവല്‍ നില്‍ക്കുന്നതാണ് വീട്ടുകാര്‍ കാണുന്നത്. ഉടനെതന്നെ വനം, പൊലീസ് അധികൃതരെ വിവരം അറിയിച്ചു.

നാട്ടുകാര്‍ കൂടുകയും മണ്ണുമാന്തിയന്ത്രം കൊണ്ടുവരികയുംചെയ്തതോടെ കാട്ടാനക്കൂട്ടം പുഴകടന്ന് കാടിനരികിലേക്ക് വലിഞ്ഞു. തുടര്‍ന്ന് യന്ത്രം ഉപയോഗിച്ച്‌ കിണറിടിച്ച്‌ ഒരുവശത്തുകൂടി ചാല് നിര്‍മിച്ചുനല്‍കി. ചാലിലൂടെ കുട്ടിക്കൊമ്ബന്‍ കരയ്ക്കെത്തിയെന്ന് കണ്ടപ്പോള്‍ ആനക്കൂട്ടം പുഴകടന്ന് വീണ്ടും ഇക്കരയെത്തി. നാട്ടുകാര്‍ മാറിനിന്നതോടെ അവ കുട്ടിക്കൊമ്ബനുമായി പുഴകടന്ന് കാട്ടിലേക്ക് മടങ്ങി.

കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, പൂയംകുട്ടി, നൂറേക്കര്‍, ഉരുളന്‍തണ്ണി തുടങ്ങിയ ജനവാസമേഖലകളില്‍ ആന കുഴിയില്‍ വീഴുന്നത് പതിവായിട്ടുണ്ട്. വനത്തില്‍ തീറ്റ കുറയുമ്ബോഴാണ് ആനകള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നത്. ആനകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *