കുട്ടനാട്ടില്‍ ജലക്ഷാമം രൂക്ഷം

കുടിവെള്ളക്ഷാമത്തില്‍ വലഞ്ഞ് കുട്ടനാട്ടുകാര്‍. ജലഅതോറിറ്റിയുടെ വെള്ളം ഏതാനും പഞ്ചായത്തുകളില്‍ മാത്രമാണ് ലഭിക്കുന്നത്. വേനല്‍മഴയില്ലാതിരുന്നതും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറന്നതിനാല്‍ ആറുകളിലും തോടുകളിലും ഉപ്പുവെള്ളം കലര്‍ന്നതോടെയുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
ഒറ്റ പഞ്ചായത്തില്‍ പോലും പൂര്‍ണമായി കുടിവെള്ളം ലഭിക്കുന്നില്ല. മഴവെള്ളം ശേഖരിച്ചും കുടിവെള്ളം വിലയ‌്ക്ക‌് വാങ്ങിയും പൊതുജലാശയങ്ങളെ ആശ്രയിച്ചുമാണ് കുട്ടനാട്ടുകാരുടെ ജീവിതം. പുഞ്ചകൃഷിക്കുശേഷം വെള്ളംകയറ്റിയ പാടശേഖരങ്ങളില്‍നിന്ന‌് വൈക്കോല്‍ അഴുകി ദുര്‍ഗന്ധമുള്ള വെള്ളം ആറുകളിലും തോടുകളിലും നിറഞ്ഞതോടെ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇനി മഴ പെയ‌്ത‌് കിഴക്കന്‍വെള്ളത്തിന്റെ വരവ് ശക്തമായെങ്കില്‍ മാത്രമെ ആറുകളിലെയും തോടുകളിലെയും ഉപ്പും മാലിന്യവും ഇല്ലാതാകൂ.

ഇപ്പോള്‍ പഞ്ചായത്തുകള്‍ വിതരണംചെയ്യുന്നതും വിലകൊടുത്ത‌് വാങ്ങുന്ന വെള്ളവുമാണ് ആളുകള്‍ ആശ്രയിക്കുന്നത‌്. വാര്‍ഡുകള്‍ തോറും സ്ഥാപിചച കിയോസ‌്കുകളില്‍ വാഹനത്തില്‍ വെള്ളം കൊണ്ടുവന്ന് നിറച്ച് ഇതില്‍നിന്നാണ് നാട്ടുകാര്‍ കുടിവെള്ളം ശേഖരിക്കുന്നത്.

ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പഞ്ചായത്തുകളുടെ തനത‌് ഫണ്ടില്‍നിന്നാണ് കുടിവെള്ളത്തിന‌് പണം കണ്ടെത്തുന്നത്. തനത് ഫണ്ട‌് കുറവുള്ള പഞ്ചായത്തുകളില്‍ ജലവിതരണം പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയില്‍ വെള്ളം വിതരണംചെയ്യാന്‍ വാഹന ഉടമകള്‍ തയ്യാറല്ല. ലോറിക്ക് കിലോ മീറ്ററിന് 85 രൂപയും മിനി ലോറിക്ക് 48 രൂപയും, എയ്സിന് 34 രൂപയും നല്‍കണം.

എന്നാല്‍ ദൂരം കുറവായതിനാല്‍ ലാഭമില്ലെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. വള്ളത്തില്‍ വെള്ളം വിതരണംചെയ്യുന്നതിന് തൊഴിലാളികളെ കിട്ടാത്ത പ്രശ‌്നവുമുണ്ട‌്. വള്ളത്തില്‍ പോകുന്ന തൊഴിലാളിക്ക് 550 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കൂലി. എന്നാല്‍ സാധാരണ ജോലിക്ക‌് 1000 രൂപ ലഭിക്കുമ്ബോള്‍ ഈ കുറഞ്ഞവരുമാനത്തിന് ജോലിചെയ്യാന്‍ തൊഴിലാളികളില്ല. നിലവില്‍ 24 വാഹനത്തിലും 17 വള്ളത്തിലുമാണ് കുടിവെള്ളം വിതരണംചെയ്യുന്നത്.
