കുട്ടനാട്ടിലെ ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മത്സ്യങ്ങള്‍ക്ക് രോഗബാധയും

ഹരിപ്പാട്: കുട്ടനാട്ടിലെ ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മത്സ്യങ്ങള്‍ക്ക് രോഗബാധയും. അമിത കീടനാശിനി പ്രയോഗം മൂലമാണ് ഇതെന്ന് സംശയിക്കുന്നു. കൃഷിയാരംഭിച്ചതോടെ വന്‍ തോതിലാണ് കീടനാശിനിയും കുമിള്‍നാശിനിയും പ്രയോഗിക്കുന്നത്.
നെല്‍കൃഷി സംരക്ഷിക്കാന്‍ കുട്ടനാട്ടില്‍ കര്‍ഷകര്‍ ഓരോ വര്‍ഷവും പ്രയോഗിക്കുന്നത് 500 ടണ്‍ കീടനാശിനിയാണ്. 50 ടണ്ണിന് മുകളില്‍ കുമിള്‍നാശിനി വേറെയും. ഇത് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്തതിനേക്കാള്‍ വളരെ അധികമാണ്. 50 മുതല്‍ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മുമ്ബ് നടന്ന പഠനത്തില്‍ കണ്ടെത്തിയത്. ഉപയോഗിക്കുന്നതില്‍ 50 ശതമാനം മരുന്നുകളും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്. നിരോധിത മരുന്നുകള്‍ പല പേരുകളിലായി കുട്ടനാട്ടില്‍ വിതരണം ചെയ്യുന്നുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറിയിലെ കീടനാശിനി സാന്നിധ്യത്തെക്കുറിച്ച് വലിയ ചര്‍ച്ചയും ബോധവത്കരണവും നടക്കുന്നതിനിടെയാണ് നെല്ലറയില്‍ വിതക്ക് പിന്നാലെ തുടങ്ങി വിളഞ്ഞ കതിരില്‍ വരെയുള്ള ഈ വിഷ പ്രയോഗം.

ഇത്തരത്തില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്ബോഴും അതിന്റെ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളില്‍ എത്തുന്നത് എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടനാട്ടിലെ പല ഭാഗങ്ങളില്‍ നിന്ന് കുടിവെള്ളം ശേഖരിക്കുന്നുണ്ട്.

കടപ്രയില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ആലപ്പുഴ നഗരസഭക്കും ചുറ്റുമുള്ള പഞ്ചായത്തുകള്‍ക്കും വിതരണം ചെയ്യുന്നത്. മണിമലയാറില്‍ കറ്റോട് നിന്ന് ശേഖരിക്കുന്ന വെള്ളമാണ് തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യുന്നത്.

കൃഷി ആരംഭിച്ചതോടെ കീടനാശിനിയും കുമിള്‍നാശിനിയും രാസവളങ്ങളും അടങ്ങിയ വെള്ളമാണ് പാടശേഖരങ്ങളില്‍ നിന്ന് പുറംന്തള്ളുന്നത്. ഈ വെള്ളമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. കുടിവെള്ള ശുദ്ധീകരണ പ്രക്രിയയില്‍ അണുനാശം മാത്രമാണ് നടക്കുന്നത്.ദോഷകരമായ രാസവസ്തുക്കള്‍ മാറ്റി ശുദ്ധീകരിക്കുന്ന സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടുമില്ല.
തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും അടഞ്ഞുകിടക്കുന്നതിനാല്‍ വിഷലിപ്തമായ വെള്ളമാണ് കുട്ടനാട്ടില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. കുട്ടനാട്ടിലെ കീടനാശിനി പ്രയോഗം തീര്‍ത്തും അശാസ്ത്രീയമാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ക്കൂടി കീടനാശിനി കലര്‍ത്തുന്ന രീതിയിലാണ് വിഷപ്രയോഗം നടക്കുന്നത്. രാസവളം ഉപയോഗിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.
15,000 ടണ്‍ രാസവളമാണ് ഓരോ വര്‍ഷവും ഇവിടെ ഉപയോഗിക്കുന്നത്. ഇങ്ങനെ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന കീടനാശിനിയും രാസവളവും ഫലത്തില്‍ കുട്ടനാടന്‍ ജലാശയങ്ങളെ തീര്‍ത്തും വിഷലിപ്തമാക്കുകയാണ്. കുട്ടനാട്ടിലെ ജലാശയങ്ങളില്‍നിന്ന് ലഭിക്കുന്ന മത്സ്യങ്ങളില്‍ അനുവദനീയമായതിന്റെ 10 ഇരട്ടി വിഷാംശമുള്ളതായാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.
വര്‍ഷ കാലത്ത് മാത്രമാണ് ഈ അവസ്ഥക്ക് ചെറിയ മാറ്റമുണ്ടാകുന്നത്. ഇപ്പോള്‍ ഹൗസ്‌ബോട്ടുകള്‍മൂലമുള്ള മലിനീകരണവും വ്യാപകമാണ്. ജലനിരപ്പ് താഴുന്ന സമയങ്ങളില്‍ കുട്ടനാട്ടില്‍നിന്ന് ലഭിക്കുന്ന മത്സ്യം പാചകംചെയ്ത് കഴിച്ചാല്‍ രുചി വ്യത്യാസമാണ്. മിക്കവാറും പാടശേഖരങ്ങളിലും പുഞ്ചകൃഷി മാത്രം ഇറക്കുമ്ബോള്‍ മറ്റ് ചില പാടങ്ങളില്‍ മാത്രമാണ് രണ്ടാം കൃഷി നടക്കുന്നത്.
കൃഷി ചെലവ് വര്‍ധിച്ച് വലിയ നഷ്ടം നേരിടേണ്ടി വരുന്നതിനൊപ്പം കുട്ടനാട് പാക്കേജില്‍ പ്രഖ്യാപിച്ച പുറംബണ്ട് സംരക്ഷണം നടക്കാതെ പോയതും ഇതിന് കാരണമാണ്. ബണ്ട് ബലപ്പെടുത്തുകയാണെങ്കില്‍ കീടനാശിനി കലര്‍ന്ന ജലം വേഗത്തില്‍ ജലാശയങ്ങളില്‍ എത്തില്ല.
കുട്ടനാട്ടില്‍ കാര്‍ഷിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി കൃഷി ഇറക്കിയാല്‍ കീടബാധയും മറ്റും മൂലമുണ്ടാകുന്ന നഷ്ടം വലിയതോതില്‍ കുറക്കാനാകുമെന്നാണ് കര്‍ഷകരുടെ പക്ഷം. കീടനാശിനിയുടെയും രാസവളത്തിന്റെയും ഉപയോഗം ശാസ്ത്രീയമാക്കി കുറച്ചു കൊണ്ടുവന്നാല്‍ അതുവഴി ഉണ്ടാകുന്ന നഷ്ടവും കുറക്കാന്‍ കഴിയും.
ജൈവ കൃഷിയും പരീക്ഷിക്കാവുന്നതാണ്. ഇക്കാര്യത്തിലൊന്നും ശക്തമായ ഇടപെടലോ നടപടിയോ സ്വീകരിക്കാതെ കര്‍ഷകരെ വിധിക്ക് വിട്ടുകൊടുത്ത് കാഴ്ചക്കാരായി നില്‍ക്കുന്ന സമീപനമാണ് കൃഷി വകുപ്പിന്റേതെന്നാണ് കര്‍ഷക സംഘടനകളുടെ പരാതി.
