KOYILANDY DIARY.COM

The Perfect News Portal

കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ വി ഉണ്ണി നിര്യാതനായി

തൃശൂര്‍: കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ വി ഉണ്ണി (96) നിര്യാതനായി. ഇരിങ്ങാലക്കുട നടവരമ്ബിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാര്‍ടി നേതാവ്, ട്രേഡ‌് യൂണിയന്‍ സംഘാടകന്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ ആറുപതിറ്റാണ്ടിലെ പൊതുപ്രവര്‍ത്തനത്തിനാണ് അന്ത്യം കുറിച്ചത്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായിരുന്ന കെ വി കെ വാരിയരാണ് ഉണ്ണിയെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനാക്കി മാറ്റിയത്. മുനിസിപ്പാലിറ്റിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചാണ‌് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായത‌്. നടവരമ്ബിലെ ഓട്നിര്‍മാണ തൊഴിലാളി യൂണിയന്‍, ഇരിങ്ങാലക്കുട പിടിക തൊഴിലാളി യൂണിയന്‍ എന്നിവയും സംഘടിപ്പിച്ചു. അന്തിക്കാട് കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാനപ്പെട്ട ചെത്തുതൊഴിലാളി യൂണിയനാണ് ഇരിങ്ങാലക്കുടയിലേത‌്. ഈ യൂണിയന്‍ സംഘടിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. നിലവിലും യൂണിയന്‍ പ്രസിഡന്റായിരുന്നു.

1946 ജൂണ്‍ 23നാണ‌് ഐതിഹാസികമായ കുട്ടംകുളം സമരം നടന്നത‌്. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരാധാനാ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കിയിരുന്നു. ക്ഷേത്രത്തിന് മുന്‍വശത്തുള്ള കുട്ടംകുളം റോഡില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ തീണ്ടല്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ കമ്യൂണിസ്റ്റ് പാര്‍ടി ഈ വിലക്കിനെതിരെ സമരം നടത്താന്‍ തീരുമാനിച്ചു.

Advertisements

എസ്‌എന്‍ഡിപിയും കെപിഎംഎ‌സും സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം നിന്നു. പാര്‍ടി നേതാക്കളായ പി കെ കുമാരന്‍, പി കെ ചാത്തന്‍ മാസ്റ്റര്‍, കെ വി കെ വാരിയര്‍, പി ഗംഗാധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് നേതൃത്വം വഹിച്ചു. ജൂണ്‍ 23ന് അയ്യങ്കാവ് മൈതാനത്തുചേര്‍ന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തില്‍ പി ഗംഗാധരന്റെ ആഹ്വാന പ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടന്മാര്‍ എത്തി. പൊലീസ് ഭീകരമായി മര്‍ദിച്ചു. ഉണ്ണിയേയും ഗംഗാധരനേയും വിളക്കുകാലില്‍ കെട്ടിയിട്ട് രാത്രിവരെ മര്‍ദിച്ചു. ഠാണാവിലെ പൊലീസ് ലോക്കപ്പില്‍ അടച്ചു. 32 പേര്‍ക്കെതിരെ കേസെടുത്തു.

പിന്നീട് പനമ്ബിള്ളി രാഘവമേനോന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായ ശേഷമാണ് കേസ് അവസാനിപ്പിച്ചത്. പാലിയം സമരത്തിലും നടവരമ്ബ് കര്‍ഷക സമരത്തിലും പങ്കെടുത്തു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട കല്ലുങ്ങല്‍ വേലാണ്ടി-കാളി ദമ്ബതികളുടെ നാലാമത്തെ മകനാണ്. കുറച്ചുകാലം വൈദ്യം പഠിച്ച‌് ഠാണാവില്‍ ബന്ധുവിന്റെ സ്ഥാപനത്തില്‍ കണ്ണുചികിത്സ നടത്തിയിരുന്നു.

മക്കള്‍: പവിത്രന്‍, ഹാരിഷ്, ജോതിഷ്, സിന്ധു, സ്വപ്‌ന. മരുമക്കള്‍: റോസി, നിമ്മി, അനിമ, അജയകുമാര്‍ ഘോഷ്, മധു

Share news

Leave a Reply

Your email address will not be published. Required fields are marked *