KOYILANDY DIARY

The Perfect News Portal

കിസാന്‍സഭ ജയില്‍നിറയ്ക്കല്‍ സമരം സംഘടിപ്പിക്കും

ഡല്‍ഹി : മോദിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍സഭ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. കര്‍ഷകര്‍ക്ക് വായ്പായിളവ് അനുവദിക്കുക, സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പത്തുകോടി ഒപ്പ് ശേഖരിച്ച്‌ സര്‍ക്കാരിന് നിവേദനം നല്‍കും.

ആഗസ്ത് ഒമ്ബതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് ഒപ്പുകള്‍ കൈമാറി കിസാന്‍സഭ പ്രവര്‍ത്തകര്‍ ജയില്‍നിറയ്ക്കല്‍ സമരം സംഘടിപ്പിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കിസാന്‍ കൗണ്‍സിലാണ് പ്രക്ഷോഭ തീരുമാനമെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയില്‍ കര്‍ഷകര്‍ക്കുനേരെ സംഘപരിവാര്‍ വ്യാപക ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യം ത്രിപുര ഐക്യദാര്‍ഢ്യവാരമായി ആചരിക്കും. രാജ്യവ്യാപകമായി ഐക്യദാര്‍ഢ്യപരിപാടി സംഘടിപ്പിക്കുമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള അറിയിച്ചു. ഏപ്രില്‍ 11ന് കിസാന്‍സഭ സ്ഥാപകദിനം രാജ്യവ്യാപകമായി ആചരിക്കും.

Advertisements

ഗോസംരക്ഷണത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്കും കന്നുകാലിക്കര്‍ഷകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തും. പെഹ്ലുഖാനെ സംഘപരിവാര്‍ കൊലപ്പെടുത്തിയതിന്റെ ഒന്നാംവാര്‍ഷികമായ ഏപ്രില്‍ മൂന്നിന് ഡല്‍ഹിയില്‍ അനുസ്മരണപരിപാടി സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സെപ്തംബറില്‍ കര്‍ഷകരും തൊഴിലാളികളും സംയുക്തമായി ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കും.

ഒപ്പുശേഖരണപരിപാടിയുടെ ഭാഗമായി രാജ്യത്തെ എല്ലാ കര്‍ഷകരെയും സമീപിക്കാനാണ് ശ്രമമെന്ന് ഹന്നന്‍ മൊള്ള പറഞ്ഞു. വായ്പായിളവിന്റെ കാര്യത്തിലും കുറഞ്ഞ താങ്ങുവിലയുടെ കാര്യത്തിലും നിര്‍ണായകമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.

കര്‍ഷക കടാശ്വാസപദ്ധതി മോഡിസര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കിസാന്‍സഭ പ്രക്ഷോഭത്തെതുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കടാശ്വാസപദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിനുള്ള ചെലവ് പൂര്‍ണമായും സംസ്ഥാനം വഹിക്കണമെന്നും കേന്ദ്രം അഞ്ചുപൈസ തരില്ലെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത്. കോര്‍പറേറ്റുകളുടെ കിട്ടാക്കടം 12 ലക്ഷം കോടിയോളം രൂപയാണ്.

ഇത് തിരിച്ചുപിടിക്കാന്‍ ഒരു ആത്മാര്‍ഥതയും കാട്ടാത്ത സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് ഒരു പൈസപോലും അനുവദിക്കില്ലെന്ന് ധിക്കാരത്തോടെ പ്രഖ്യാപിക്കുന്നത്- കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *