KOYILANDY DIARY

The Perfect News Portal

കിനാലൂര്‍ എസ്റ്റേറ്റില്‍ വീട്ടമ്മയെ അജ്ഞാതന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു

ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റില്‍ വീടിന്റെ ചുവരുകളിലെ അവ്യക്തമായ എഴുത്തുകളും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അജ്ഞാതന്റെ അതിക്രമങ്ങളും ദുരൂഹമായി തുടരുന്നതിനിടെ എസ്റ്റേറ്റിലെ പാടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ അപായപ്പെടുത്താന്‍ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ 5.15-നാണ് സംഭവം. വീട്ടമ്മയുടെ മകള്‍ ഉറക്കമുണര്‍ന്നുവന്ന് അമ്മയെ തിരഞ്ഞപ്പോള്‍ കൈകള്‍ ബന്ധിച്ച്‌ കഴുത്തില്‍ കയര്‍ കുരുക്കി അടുക്കള ഭാഗത്തെ ഗ്രില്ലിനോട് കെട്ടിയിട്ട നിലയിലായിരുന്നു.

ഉടന്‍തന്നെ ഉറങ്ങുകയായിരുന്ന ജ്യേഷ്ഠനെ വിളിച്ചുണര്‍ത്തി ഇരുവരും ചേര്‍ന്ന് അമ്മയെ രക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്ക് ഡ്രൈവറായ ഭര്‍ത്താവ് ജോലിക്ക് പോയ ശേഷം അടുക്കളജോലി ചെയ്യുകയായിരുന്ന തന്നെ അജ്ഞാതന്‍ പിറകിലൂടെ വന്ന് മുഖം കെട്ടിയ ശേഷം കൈകള്‍ ബന്ധിച്ച്‌ ഗ്രില്ലിനോട് ചേര്‍ത്ത് കെട്ടിയിടുകയായിരുന്നു എന്ന് സ്ത്രീ പറയുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയതിനാല്‍ ശബ്ദമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും മുഖം മറച്ചിരുന്നതായും വീട്ടമ്മ പറയുന്നു.

കൈയ്ക്ക്‌ കടിയേറ്റപ്പോഴാണ് പ്രതി രക്ഷപ്പെട്ടതെന്നും കോട്ടുപോലെയുള്ള വസ്ത്രമാണ് ധരിച്ചതെന്നും രണ്ടുപേര്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായും വീട്ടമ്മ പറഞ്ഞു. കഴുത്തിന്‌ വേദനയെ തുടര്‍ന്ന് ഇവര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

Advertisements

സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സി.സി.ടി.വി. സൗകര്യവും കുറവായതിനാല്‍ തുടര്‍ച്ചയായി നടക്കുന്ന അജ്ഞാതന്റെ ആക്രമണത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഈ മാസം ഒന്നാം തീയതി പാടിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി ഏഴുകണ്ടിയിലും വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം നടന്നിരുന്നു.

ചുവരില്‍ അവ്യക്തമായ എഴുത്തുകള്‍കണ്ട എഴുകണ്ടിയിലെ വീട്ടിലെ സ്ത്രീയെ പ്രഭാതഭക്ഷണം ഒരുക്കുന്ന തിരക്കില്‍ വിറകുപുരയില്‍ വെച്ചാണ് അജ്ഞാതന്‍ ആക്രമിച്ചത്. സ്ത്രീയുടെ വായ പൊത്തിയ അജ്ഞാതന്‍ മുഖത്ത് കടിച്ച്‌ പരിക്കേല്‍പ്പിക്കയും ചെയ്തിരുന്നു. അന്നും വീട്ടുകാര്‍ എത്തുമ്ബോഴേക്കും അജ്ഞാതന്‍ രക്ഷപ്പെടുകയായിരുന്നു. സമാനമായ രീതിയില്‍ സമീപത്തുള്ള വീട്ടിലെത്തിയ അജ്ഞാതന്‍ വീട്ടില്‍ക്കയറാന്‍ ശ്രമം നടത്തിയതും ഈയിടെയാണ്.

ഏഴുകണ്ടിയില്‍ രണ്ടാഴ്ച മുമ്പ് കോട്ടും ഹെല്‍മെറ്റും ധരിച്ച്‌ വീട്ടിലെത്തിയ അജ്ഞാതന്‍ വീട്ടമ്മയോട് നിങ്ങളുടെ മകന്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയിരുന്നു. അജ്ഞാതന്‍ വീടിന്റെ ഗ്രില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ വീട്ടമ്മ വീടിന്റെ പിറകുവശം വഴി സമീപത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. അന്നും അയല്‍വാസികളെയുംകൂട്ടി തിരികെ വരുമ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടു. ലഹരി സംഘങ്ങള്‍ കിനാലൂരില്‍ സജീവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *