കിണർ മൂടി ബസ് സ്റ്റോപ്പ് നിർമ്മാണം: പ്രതിഷേധം ശക്തമാകുന്നു

കൊയിലാണ്ടി: കിണർ മൂടി ബസ് സ്റ്റോപ്പ് പണിയാനുള്ള നഗരസഭാധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന പാതയിൽ കുറുവങ്ങാട് മാവിൻ ചുവട് ബസ്സ് സ്റ്റോപ്പാണ് മാസങ്ങൾക്ക് മുമ്പ് പുനർനിർമ്മാണത്തിനായി പൊളിച്ചു നീക്കിയത്. ഇതിന് തൊട്ടടുത്തുള്ള ഏറെ കാലത്തെ പഴക്കമുള്ള പൊതുകിണർ കോൺക്രീറ്റ് സ്ലാബ് നിരത്തി മൂടിയ ശേഷം കാത്തിരിപ്പ് കേന്ദ്രം വിപുലമക്കാനായിരുന്നു നീക്കം. ഇതിന് വേണ്ടി കിണറിന്റെ ആൾമറ പൊളിച്ച് കോൺക്രീറ്റിനായി പലക നിരത്തുകയും ചെയ്തു. പണിതുടങ്ങിയതോടെ കിണർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധമുയർത്തിയതോടെ കരാറുകാരൻ പണി നിർത്തിവെച്ച് സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ദിവസം നിർമ്മാണ സാമഗ്രികൾ തിരിച്ചുകൊണ്ടുപോകാനായി തൊഴിലാളികൾ എത്തിയതോടെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും തടയുകയും പൊളിച്ച് മാറ്റിയ കിണർ സംരക്ഷിച്ചു കൊണ്ട് ഉടൻ യഥാസ്ഥാനത്ത് ബസ് സ്റ്റോപ്പ് നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ വാർഡ് മെമ്പർ സ്ഥലത്തെത്തി നഗരസഭാധികാരികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തൊഴിലാളികൾ തിരിച്ചു പോകുകയായിരുന്നു. വാർഡ് മെമ്പർക്ക് പോലും നിർമ്മാണ പ്രവൃത്തിയെക്കുറിച്ച് അറിയില്ലെന്നാണ് നാട്ടുകാർക്ക് ലഭിച്ച പ്രതികരണം. മാത്രമല്ല വാർഡ് വികസന സമിതിയിൽ പോലും നിർമ്മാണ പ്രവൃത്തിയെ സംബന്ധിച്ച രൂപരേഖ ചർച്ച ചെയ്യപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പൊതുകിണർ സംരക്ഷിക്കാതെയുള്ള അധികൃതരുടെ നീക്കത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയതോടെ മഴയും വെയിലും താണ്ടി യാത്രക്കാരും ദുരിതം പേറുകയാണ്.പ്രശ്നത്തിൽ ഉടൻ പരിഹാരമായില്ലെങ്കിൽ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരമുയർത്താനാണ് തീരുമാനം.

