കാസര്‍ഗോഡ് കള്ളവോട്ട്: ലീഗ് പ്രവര്ത്തകന് നോട്ടീസ്

കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോട്ട് മുസ്ലിം ലീഗ് പ്രവര്ത്തകന് കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം തുടരുന്നു. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്ക് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരിയായ കളക്ടര്‍ നോട്ടീസ് നല്കി. വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത് യുപി സ്കൂളിലെ 69, 70 ബൂത്തുകളില്‍ മുഹമ്മദ് ഫായിസ് വോട്ടു ചെയ്തുവെന്നാണ് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. ഇതില്‍ ആരോപണ വിധേയന്റെ മൊഴി രേഖപ്പെടുത്താനാണ് നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ആദ്യം 69-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ മുഹമ്മദ് ഫായിസ് പിന്നീട് 70-ാം നന്പര് ബൂത്തില്‍ പ്രവേശിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കളക്ടര്‍ സജിത് ബാബു വ്യക്തമാക്കി. എല്‍ഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു ബൂത്തുകളിലെയും പോളിംഗ് ഉദ്യോഗസ്ഥരെ കളക്ടര്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.

ഇതേ ബൂത്തില്‍ ആഷിഖ് എന്നയാളും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന തുടരുകയാണ്.

