കാറിടിച്ച് മരിച്ച കൂട്ടുകാർക്ക് സഹപാഠികൾ കണ്ണീരോടെ യാത്രാമൊഴി നൽകി

കുന്ദമംഗലം: ബുധനാഴ്ച ഉച്ചയ്ക്ക് പടനിലം വളവിൽ വെച്ച് കാറിടിച്ച് മരിച്ച കൂട്ടുകാർക്ക് സഹപാഠികൾ കണ്ണീരോടെ യാത്രാമൊഴി നൽകി. സ്ക്കൂളിലെ ആദ്യ പ്രവൃത്തിദിനത്തിൽ പുതിയ ചെരുപ്പ് വാങ്ങുന്നതിനാണ് സുഹൃത്തുക്കളും അയൽക്കാരുമായ മുഹമ്മ്ദ് ആദിലും(13) മുഹമ്മദ് അൽത്താഫും ആരാമ്പ്രത്ത് നിന്ന് വയനാട് റോഡിലെ വെണ്ണക്കാട്ടെ കടയിലേക്ക് നടന്നുപോയത്. പടനിലം കുമ്മങ്ങോട്ട് വളവിൽ വെച്ച് പിറകിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം ആരാമ്പത്തെ വീട്ടിലെത്തിച്ചു. സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ അന്ത്യാപചാരമർപ്പിക്കാൻ എത്തി. കൊട്ടക്കാവ് വയൽ സ്ക്കൂളിൽ ഇരുവരുടേയും മൃതദേഹം പൊതുദർശനത്തിനായി ഒരുക്കി.പന്ത്രണ്ട് മണിയോടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആരാമ്പ്രം ജുമാമസ്ജിദിൽ ഇരുവരുടേയും മൃതദേഹം സംസ്കരിച്ചു.

