കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മകളില്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ കലിയനാഘോഷം

മേപ്പയ്യൂര്‍: പോയകാലത്തിന്റെ ഗൃഹാതുര സ്മരണകള്‍ അയവിറക്കി കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മകളില്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ കലിയനാഘോഷം. ചെണ്ട കൊട്ടി ചൂട്ട് കത്തിച്ച് ”കലിയാ…കലിയാ കൂയ്… ചക്കേം മാങ്ങേം കൊണ്ടത്താ..” വിളികളുമായി നടന്ന കലിയന്‍ ആഘോഷം ജാതിമത ഭേദമെന്യേ നാട്ടുകാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു ചടങ്ങാണ് കലിയനുത്സവം. ദുരിതകാലത്തെ കര്‍ഷകന്റ വിലാപമാണ് കലിയനെ വിളിക്കല്‍. കാര്‍ഷിക സമൃദ്ധിക്ക് വേണ്ടി ഒരു ശക്തിയോട് ആവശ്യപ്പെടുന്ന ഒരു കാര്‍ഷിക സംസ്കൃതിയുടെ അനുഷ്ഠാന പാരമ്പര്യമാണ് ഈ ചടങ്ങ്. വടക്കെ മലബാറില്‍ മാത്രമാണ് ഈ ചടങ്ങ് ഇപ്പോള്‍ അന്യംനിന്ന് പോവാതെ നിലനില്‍ക്കുന്നത്.

വാഴത്തട്ടകൊണ്ട് നിര്‍മിച്ച ഏണി, ആല, കൂട എന്നിവയും പ്ലാവിലകൊണ്ട് നിര്‍മിച്ച മൂരി, പശു എന്നിവയും ഒരുക്കിയാണ് ചൂട്ട് കത്തിച്ച് കലിയനെ വിളിക്കുന്നത്. ഈ വര്‍ഷത്തെക്കാള്‍ മികച്ച വിള സമൃദ്ധി സമ്മാനിച്ച് വരുംകാലം വറുതി കുറയ്ക്കുവാന്‍ സഹായിക്കണേയെന്ന കലിയനോടുള്ള അപേക്ഷയാണ് ഈ ചടങ്ങ്.

കലിയനെ യാത്രയയച്ചാല്‍ കര്‍ക്കടകം ഒന്ന് മുതല്‍ എല്ലാ വീടുകളിലും ശീപോതിക്ക് കൊടുക്കുന്ന ചടങ്ങുണ്ട്. ഇലയില്‍ ഭസ്മം, തുളസി, ചന്ദനം, കിണ്ടിയില്‍ വെള്ളം എന്നിവ വെച്ചാണ് ശീപോതി കൊടുക്കല്‍. ഇത് കര്‍ക്കടകം 31 വരെ നീളും.

കൂടുതല്‍ സമൃദ്ധിയുള്ള നല്ല കാലത്തിന് വേണ്ടി നല്ല വിളവിനായി പ്രകൃതിയോടും കലിയനെന്ന ശക്തിയോടും ആവശ്യപ്പെടുന്ന പാരമ്പര്യത്തിന്റെ ഉറവകള്‍ കെട്ടുപോകാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് മൂട്ടപ്പറമ്പില്‍ കലിയന്‍ ആഘോഷം സംഘടിപ്പിക്കപ്പെട്ടത്.
കൂനിയത്ത് നാരായണന്‍ കിടാവ്, പി.സി. കുഞ്ഞിരാമന്‍, കെ.പി. ബാബു, ടി.എം. രാജീവന്‍, എ.കെ. ശ്രീധരന്‍, ചാലില്‍ മുഹമ്മദ്, കെ. സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
