KOYILANDY DIARY

The Perfect News Portal

കാണ്‍പൂരില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. 25 പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ വൈകിട്ടാണ് കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്നു വയസ്സുള്ള കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ 12 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. അഞ്ചാം നിലയില്‍ അകപ്പെട്ട് കിടന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

സമാജ്വാദി പാര്‍ട്ടിയിലെ പ്രദേശിക നേതാവ് മെഹ്താബ് ആലമിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഇത്. അപകടത്തെ തുടര്‍ന്ന് ഉടമയും കുടുംബവും ഒളിവിലാണ്. കാണ്‍പൂരിലെ ജജ്മൗവിലാണ് ആറു നില കെട്ടിടം ഇന്നലെ തകര്‍ന്നുവീണത്.

കെട്ടിടത്തിന്‍റെ ബലക്ഷയമാണ് അപകടകാരണമെന്ന് കരുതുന്നു. കെട്ടിടത്തിന്‍റെ അടിത്തറയ്ക്ക് വേണ്ടത്ര ഉറപ്പില്ലായിരുന്നുവെന്നും കെട്ടിടത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്ക് മൂന്നു തവണ കത്തുനല്‍കിയിരുന്നതായും കാണ്‍പൂര്‍ വികസന അതോറിറ്റി അറിയിച്ചു.

വാരണസിയില്‍ നിന്നും കാണ്‍പൂരില്‍ നിന്നുമെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കാമറകളുടെ സഹായത്തോടെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *