KOYILANDY DIARY.COM

The Perfect News Portal

കാണാതെ പോയ ഭര്‍ത്താവിനെ ഫേസ്‌ബുക്കില്‍ കണ്ടുമുട്ടി ഭാര്യ: ദീപു ഫിലിപ്പെന്ന വ്യാജ ഭര്‍ത്താവിനെ തേടി പൊലീസ്

കാസര്‍ഗോഡ്‌: പലപേരുകള്‍ ആള്‍മാറാട്ടം നടത്തി കല്യാണം കഴിച്ച്‌ പെണ്‍കുട്ടികളെ വഞ്ചിച്ചു കടക്കുന്ന കല്യാണ വീരന്മാരുടെ കഥകള്‍ ഇടക്കിടെ പുറത്തുവരാറുണ്ട്. അത്തരമൊരു കല്യാണ വീരന്റെ കഥ കൂടി പുറത്തുവന്നു. കാസര്‍ഗോഡ്‌ വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പ് എന്ന യുവാവാണ് വിവാഹ ശേഷം ഭാര്യയെയും പിഞ്ചു മക്കളെയും ഉപേക്ഷിച്ചു കടന്നത്. കാണാതായ ഭര്‍ത്താവിന് എന്തെങ്കിലും അപകടം പറ്റിയതാകുമെന്ന് കരുതി കാത്തിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ചിത്രം ഫേസ്‌ബുക്കില്‍ കണ്ടതോടെയാണ് താനും മക്കളും വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. ഭര്‍ത്താവിനെ വീണ്ടു കിട്ടണമെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്കി പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഭാര്യ ബേബി. ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ ദീപു പിന്നീട് വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയായിരുന്നു.

പ്രണയ വിവാഹിതരാണ് ഇവര്‍. രണ്ടാമത്തെ കുഞ്ഞിനെ ബേബി ഗര്‍ഭം ധരിച്ച്‌ ഒന്‍പതു മാസമായിരിക്കുന്ന സമയത്ത് ജോലി ആവശ്യത്തിന് എന്നു പറഞ്ഞ് വീടു വിട്ടു പോയ ദീപു പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോള്‍ 9 മാസം പിന്നിടുന്നു. കുഞ്ഞുണ്ടായിട്ടും ബേബിയെ ഫോണില്‍ പോലും ബന്ധപ്പെട്ടില്ല. രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ദുരിത ജീവിതത്തിലാണ് യുവതി. ദീപുവിനേക്കുറിച്ച്‌ പല തരത്തില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫേസ്‌ബുക്ക് പേജ് കണ്ടത്. ഇതോടെ ഭര്‍ത്താവിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസില്‍ പരാതി നല്‍കി.

നുണ പറഞ്ഞാണ് ദീപു തന്നെ 2009ല്‍ വിവാഹം ചെയ്തതെന്നും ബേബി പറഞ്ഞു. കാസര്‍കോട് സ്വദേശിയായ ബേബി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെട്ടത്. കിറ്റക്‌സ് കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു ബേബി. ട്രെയിന്‍ യാത്രക്കിടയിലുളള പരിചയം പ്രണയമായി മാറുകയായിരുന്നു. താന്‍ ഹിന്ദുവാണെന്നും അനാഥനാണെന്നുമാണ് വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരായി. കുഞ്ഞും ഉണ്ടായി. ഇതിനിടെ താന്‍ അനാഥനല്ലെന്നും അച്ഛനും അമ്മയും സഹോദരിയുമുണ്ടെന്നും ക്രിസ്ത്യാനിയാണെന്നുമറിയിച്ചു.

Advertisements

കാസര്‍കോട് വെള്ളരിക്കുണ്ടുള്ള ദീപുവിന്റെ വീട്ടിലെത്തി മതം മാറി. ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹവും കഴിച്ചു. എന്നാല്‍ നായ്ക്ക വിഭാഗത്തില്‍പ്പെട്ട തന്നെ ദീപുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നെന്നും ബേബി പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ ഇപ്പോഴും ദീപുവിന്റെ മുറിയില്‍ കയറാൻ മാത്രമേ തനിക്ക് അധികാരമുള്ളെന്നും ബേബി പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാനും കഴിയില്ല. പലപ്പോഴും നാട്ടുകാരുടെയും അയല്‍വാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും സന്ധ്യയാകുമ്പോള്‍ കുട്ടികളെയും കൊണ്ട് അയല്‍ വീട്ടിലാണ് അന്തിയുറങ്ങാന്‍ പോകുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *