കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തോട്, പനക്കംകടവ് മേഖലയില്‍ കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നാശമുണ്ടാക്കി. വെട്ടിക്കല്‍ ബോബന്റെ കായ്ഫലമുള്ള തെങ്ങ്, ജാതി, മാവ് എന്നിവ നശിപ്പിച്ചു.
ജോയി കൈപ്പംപ്ലാക്കല്‍, കുഞ്ഞുമോന്‍ മണിക്കൊമ്പേല്‍ ആലംപാറയിലെ മേട്ടയില്‍ ജോര്‍ജ്ജ്, അപ്പച്ചന്‍ ആയിത്തമറ്റം, റോയി സ്രാമ്പിക്കല്‍ എന്നിവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൃഷിനാശമുണ്ടായി .

ഇതിനിടയില്‍ കാട്ടാനക്കൂട്ടത്തെ തുരത്താനെത്തിയ വനം വാച്ചറുടെ കൈയ്യിലിരുന്ന പടക്കം പൊട്ടി വലതു കൈയ്യുടെ മൂന്നു വിരലുകള്‍ അറ്റു. പുത്തന്‍പുരക്കല്‍ മാത്യു ജോസഫിന് (30) ആണ് പരിക്കേറ്റത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിയമിച്ച അഞ്ച് താത്കാലിക വാച്ചര്‍മാരിലൊരാളാണ് മാത്യു ജോസഫ്. മൂന്നു നാട്ടുകാരോടൊപ്പം പടക്കവുമായി കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണു അപകടം പറ്റിയത്. വന്യമൃഗശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടു കാര്‍ ആവശ്യപ്പെട്ടു.

