കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം ഡിസംബർ 10ന്

കോഴിക്കോട് : പെണ്ണവകാശം ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്രിയ അറിയിച്ചു. അന്തര്‍ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് രാവിലെ 10ന് കെ പി കേശവമേനോന് ഹാളിലാണ് സംഗമം.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആത്മാര്‍ഥമായ ചര്‍ച്ചകളല്ല സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സ്ത്രീകള്‍ രാഷ്ട്രീയമായും സാമൂഹികമായും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വസ്ത്ര സ്വാതന്ത്ര്യ നിഷേധവും ജീവിക്കാനുള്ള അവകാശ നിഷേധവും അവയില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍, അവയ്ക്കു പകരം താരതമ്യേന അപ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഒതുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്.

സിറാജുന്നീസയുള്പ്പെടെ പോലിസ് വെടിവയ്പിനിരകളായവര് സ്ത്രീപക്ഷ ചര്‍ച്ചകള്‍ക്ക് വിഷയം പോലുമാവുന്നില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ ആക്രമണങ്ങള്‍ക്ക് വിധേയരായി വിധവകളാക്കപ്പെട്ടവരുടെയും മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരുടെയും വിഷമങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അന്വേഷണവും ഇടപെടലും സ്ത്രീപക്ഷ സമീപനങ്ങളുടെ പരിഗണനയില്‍ വരേണ്ടതുണ്ട്. മറുവശത്ത് മല്‍സരപ്പരീക്ഷകളിലും പ്രവേശനപ്പരീക്ഷകളിലും മാന്യമായ വസ്ത്രം ധരിക്കാന്‍പോലും സാധ്യമാവാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് പെണ്ണവകാശത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥിനി സംഗമത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഇരകളും പോരാളികളും ഒത്തുചേരും.

