കള്ളനോട്ടുകള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് നരേന്ദ്രമേദിയോട് കെ. ഇ. ഇസ്മയിൽ

കോഴിക്കോട്: കള്ളനോട്ടുകളും കള്ളപ്പണവും വ്യാപകമായി രാജ്യത്ത് പ്രചരിക്കുന്നത് തടയാനാണ് നോട്ട് പിന്‍വലിച്ചതെന്ന് വീരവാദം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ കള്ളനോട്ടുകള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ. ദേശീയനിര്‍വാഹക സമിതി അംഗം കെ.ഇ. ഇസ്മായില്‍ പറഞ്ഞു. എ.ഐ.ടി.യു.സി.നേതൃത്വത്തില്‍ മാനാഞ്ചിറ സ്ക്വയറില്‍ ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിച്ചതിനു പിന്നില്‍ ചില ഗൂഢലക്ഷ്യം ഉണ്ട്. വിദേശബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ച് മോദി മിണ്ടുന്നുപോലുമില്ല.
പാവപ്പെട്ടവനെ പോക്കറ്റടിക്കുന്ന ഭരണാധികാരിയായി മോദി മാറി. തുല്യജോലിക്ക് തുല്യ വേതനം എന്ന നയം സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഇസ്മായില്‍ പറഞ്ഞു. തുല്യജോലിക്ക് തുല്യ വേതനം നല്‍കുക, മിനിമം വേതനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.ടി.യു.സി ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് രാപകല്‍ സമരം നടത്തുന്നത്.

എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ജി. പങ്കജാക്ഷന് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്, അഹമ്മദ്കുട്ടി കുന്നത്ത്, പി.കെ. ലക്ഷ്മിദാസ്, പി.വി. മാധവന്, പി.കെ. നാസര്‍, കെ. ദാമോദരന്‍, സുനില്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം സമരം അവസാനിക്കും.

