കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി

പേരാമ്പ്ര: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി. കടിയങ്ങാട് കന്നാട്ടി സ്വദേശി കുളങ്ങരമീത്തൽ കുഞ്ഞിക്കണ്ണനാണ് കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന സ്വർണമാല പോലീസ് സാന്നിധ്യത്തിൽ ഉടമയെ ഏൽപ്പിച്ചത്. മുമ്പ് കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടയാൾക്ക് ഇദ്ദേഹം തിരിച്ചു നൽകിയിരുന്നു. ശനിയാഴ്ച വൈകീട്ട് കടിയങ്ങാട് പാലം കുളക്കണ്ടം റോഡിൽ നിന്നാണ് സ്വർണമാല കിട്ടുന്നത്. ഈ വിവരം വ്യാപാരികളെയും പോലീസിനെയും അറിയിച്ചു.

കടിയങ്ങാട് പാലം മാവുകുന്നുമ്മൽ മുഹമ്മദലിയുടെ മകൾ നാലു വയസ്സുകാരി ഫാത്തിമ നൗലയുടേതായിരുന്നു ആഭരണം. ആശുപത്രിയിൽനിന്ന് വരുന്നവഴിയിൽ നഷ്ടപ്പെട്ടതായിരുന്നു. പേരാമ്പ്ര പോലീസ് സ്റ്റേഷനിൽവെച്ച് പോലീസ് ഇൻസ്പെക്ടർ എം. സജീവ് കുമാറിന് കൈമാറിയ സ്വർണമാല ഫാത്തിമ നൗലയുടെ സഹോദരൻ ഡാനിഷിനെ ഏൽപ്പിച്ചു.


