കല്ലായിപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഭൂമി കയ്യേറ്റത്തിന് മുഖ്യമന്ത്രി ഇടപെട്ടു സിപിഐ എം

കോഴിക്കോട് > കല്ലായിപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഭൂമി കൈയേറിയ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് കൈവശരേഖ നല്‍കി ഭൂമി പതിച്ചുകൊടുക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലാഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി അപലപനീയമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. പരിസ്ഥിതിയേയും പുഴയേയും റിയല്‍എസ്റ്റേറ്റ് മാഫിയക്ക് അടിയറവയ്ക്കുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ചരിത്രപ്രസിദ്ധമായ കല്ലായിപ്പുഴയെ ശോഷിപ്പിക്കുന്ന തരത്തില്‍ നടന്ന കൈയേറ്റങ്ങള്‍ക്കെതിരെ നേരത്തെ തന്നെ ബഹുജനപ്രക്ഷോഭം ഉയര്‍ന്നതാണ്. പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും കൈയേറ്റക്കാരായ റിയല്‍എസ്റ്റേറ്റ് മാഫിയയില്‍നിന്ന് പുഴയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റ് കൈയേറ്റക്കാരെ ഒഴിപ്പിക്കാനും പുഴയെ സംരക്ഷിക്കാനുമുള്ള നടപടിയെടുത്തത്.
പുഴയുടെ തീരം കൈയേറി മണ്ണിട്ടുനികത്തി ഭൂമിയുടെ വിസ്തൃതി കൂട്ടിയെടുക്കുന്ന കൈയേറ്റക്കാരായ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഭൂമി പതിച്ചുനല്‍കാനും കൈയേറ്റഭൂമിക്ക് നിയമപ്രാബല്യമുണ്ടാക്കിക്കൊടുക്കാനും ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി തന്നെ നിര്‍ദേശം നല്‍കിയത്.
കോഴിക്കോടിന്റെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിലും വാണിജ്യ വ്യവസായ മണ്ഡലത്തിലും കല്ലായിപ്പുഴക്ക് വലിയ സ്ഥാനമാണുള്ളത്. ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തടിവ്യവസായ കേന്ദ്രമായിരുന്നു കല്ലായി. കല്ലായിപ്പുഴയുടെ തീരത്തെയും പുഴയേയും സംരക്ഷിക്കേണ്ടത് സംസ്കാരത്തെയും പരിസ്ഥിതിയേയും കാക്കുന്നതിന്റെ ഭാഗമാണ്. പുഴയെതന്നെ ഇല്ലാതാക്കുന്ന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു പകരം കൈയേറിയ ഭൂമിക്ക് കൈവശരേഖ നല്‍കി നിയമപ്രാബല്യമുണ്ടാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
