KOYILANDY DIARY

The Perfect News Portal

കല്ലാച്ചി വളയം ചുഴലി പുതുക്കയം റോഡ് ഉദ്ഘാടനം ചെയ്തു

നാദാപുരം: റോഡ് ഉദ്ഘാടനത്തിനായി എത്തിയ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടന സ്ഥലത്തെത്തിയെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാതെ തിരിച്ചു പോയി. നവീകരണ പ്രവൃത്തികള്‍ നടത്തിയ കല്ലാച്ചി വളയം ചുഴലി പുതുക്കയം റോഡിന്‍റെയും പാറക്കടവ് കൊയമ്പ്രം പാലം റോഡിന്‍റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കേണ്ടിയിരുന്നത്.

ചുഴലി ഗവ. എല്‍.പി.സ്കൂള്‍ മൈതാനത്തായിരുന്നു ഉദ്ഘാടന പരിപാടി. ആദ്യമായി പ്രദേശത്തെത്തുന്ന മന്ത്രിയെ ഉത്സവാന്തരീക്ഷത്തില്‍ സ്വീകരിക്കുന്നതിനും ഉദ്ഘാടനം കേമമാക്കുന്നതിനും ശിങ്കാരി മേളം, ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. മന്ത്രി വളയം പഞ്ചായത്തിലെ പുതുക്കയത്ത് എത്തിയപ്പോഴാണ് അടിയന്തിര കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തണമെന്ന സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ മന്ത്രി ഉദ്ഘാടന പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.
മന്ത്രിയുടെ അഭാവത്തില്‍ റോഡിന്‍റെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്‌.ബാലകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. രണ്ടര കോടി രൂപ ചിലവഴിച്ച്‌ പൊതു മരാമത്ത് വകുപ്പ് പണി പൂര്‍ത്തീകരിച്ച പാറക്കടവ് കൊയമ്ബ്രം പാലം വരെയുള്ള നവീകരിച്ച റോഡിന്‍റെയും, നാലു കോടി അമ്ബത് ലക്ഷം രൂപ ചിലവില്‍ നവീകരിച്ച കല്ലാച്ചി വളയം ചുഴലി പുതുക്കയം റോഡിന്‍റെയും ഉദ്ഘാടനമാണ് എം.എല്‍.എ. നിര്‍വഹിച്ചത്.

Advertisements

ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.സുമതി, കെ.ചന്തു, എന്‍.പി.കണ്ണന്‍, വി.പി.റീന, യു.കെ. വത്സന്‍, എം.ദിവാകരന്‍, എം.ടി.ബാലന്‍, പി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓവര്‍സീയര്‍ കെ.രാജേഷ് സ്വാഗതവും ജി.ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *