KOYILANDY DIARY.COM

The Perfect News Portal

കലോപ്പൊയില്‍ പാലംതറ പാടശേഖരത്ത് ഞാറ്റുപാട്ടിന്റെ ഈണമുയരുന്നു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയില്‍  വര്‍ഷങ്ങളായി തരിശായിക്കിടന്ന ഇരുപത് ഏക്കറോളം വരുന്ന  പാടശേഖരത്തില്‍ ഇത്തവണ നെല്‍കൃഷി തിരിച്ചുവരികയാണ്. പാലംതറ പാടശേഖരം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഞ്ചകൃഷിയുടെ തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും എല്ലാവിധ സഹായങ്ങളും കൃഷിക്കാര്‍ക്കുണ്ട്. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി മുന്നിലുണ്ട്.
പുല്ലും കാടും നിറഞ്ഞ് പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമായി ഈ വയലേല മാറിയിരുന്നു. പ്ളാസ്റ്റിക് കുപ്പികളും ചപ്പുചവറുകളും വയലില്‍ നിറഞ്ഞു. ഇത് ജലത്തെയും മലിനമാക്കി. വയലില്‍  പുല്ലും കാടും നിറഞ്ഞു കിടക്കുന്നതാണ് മാലിന്യ നിക്ഷേപത്തിന് കാരണമാകുന്നതെന്ന തിരിച്ചറിവ് പ്രദേശത്തെ കര്‍ഷകര്‍ക്കുണ്ടായി. ഇതാണ് നെല്‍കൃഷിയിലേക്ക് തിരിയാനും ഇടയാക്കിയത്. മലിനജലത്തില്‍ വയലിലെ സൂക്ഷ്മ ജീവികളും നശിച്ചിരുന്നു.

വയല്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചു. തുടര്‍ന്ന് കുമ്മായവും വിതറി. തനി ജൈവരീതിയില്‍ കൃഷിയിറക്കാനാണ് ജനകീയ കമ്മിറ്റിയുടെ പദ്ധതി. ഹ്രസ്വ ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് ഉപയോഗിക്കുന്നതെന്ന് കൃഷി ഓഫീസര്‍ ഫെബിന പറഞ്ഞു. 85 ദിവസംകൊണ്ട് നെല്ല് കൊയ്യാന്‍ പാകമാകും. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജയകുമാര്‍, ഡോ. ഷൈല, ഡോ. ലത എന്നിവര്‍ ഏതാനും മാസം മുമ്പ് വയലേല സന്ദര്‍ശിച്ചിരുന്നു. ഏറ്റവും മികച്ച വിളവുതരുന്ന പാടശേഖരമാണിതെന്നാണ് ഇവരുടെ അഭിപ്രായം.

കനാല്‍ വെള്ളത്തെ ആശ്രയിച്ചാണ്  കൃഷി. കനാല്‍ ജല വിതരണം ചതിച്ചാല്‍ നെല്‍ കൃഷിക്ക് വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. തരിശു നിലങ്ങളില്‍ പുതുതായി കൃഷി ചെയ്യുമ്പോള്‍ ഒരു ഹെക്ടറിന് 30,000 രൂപ സംസ്ഥാന കൃഷിവകുപ്പ് സബ്സിഡി നല്‍കുന്നുണ്ട്. ഇതില്‍ 5,000 രൂപ ഭൂമിയുടെ ഉടമയ്ക്കുള്ളതാണ്. കലൊപ്പൊയിലില്‍ പഴയകാല കര്‍ഷകരുടെ നാട്ടരങ്ങ് പരിപാടി സംഘടിപ്പിക്കാനും ആലോചനയുണ്ട്. കെ ശശികുമാര്‍ പ്രസിഡന്റും ബാലന്‍നായര്‍ സെക്രട്ടറിയും പ്രദീപന്‍ ട്രഷററുമായ കമ്മിറ്റിയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പടിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *