KOYILANDY DIARY.COM

The Perfect News Portal

കലാഭവന്‍ മണിയുടെ ജീവിതകഥ വെള്ളിത്തിരയിലേയ്ക്ക്

നൂറുകണക്കിന് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത കലാഭവന്‍ മണിയുടെ ജീവിതവും ഒടുവില്‍ വെള്ളിത്തിരയിലേയ്ക്ക്. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളില്‍ മണിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ സമ്മാനിച്ച വിനയനാണ് മണിയുടെ സംഭവബഹുലമായ ജീവിതകഥ സിനിമയാക്കുന്നത്. ഹോര്‍ട്ടികോര്‍പ് ചെയര്‍മാനായി ചുമതലയേറ്റശേഷം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമെ മാറുമറയ്ക്കല്‍ സമരത്തിന് നേതൃത്വം കൊടുത്ത ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥയും സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് വിനയന്‍ പറഞ്ഞു.

കല്ല്യാണസൗഗന്ധികം മുതല്‍ വിനയന്റെ പ്രധാന ചിത്രങ്ങളിലെല്ലാം മണിയുണ്ട്.ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിലും കലാഭവന്‍ മണിയെ അവഗണിച്ചുവെന്ന് ആരോപിച്ച്‌ വിനയന്‍ ചലച്ചിത്ര അക്കാദമിക്കെതിരെ വാളെടുത്തിരുന്നു.

ചാലക്കുടിയില്‍ സാധാരണക്കാരനായ ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച മണി മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടാണ് ഈ വര്‍ഷം മാര്‍ച്ചില്‍ വിടപറഞ്ഞത്. ഫാം ഹൗസില്‍ രക്തം ഛര്‍ദിച്ച്‌ അവശനിലയിലായ മണി മാര്‍ച്ച്‌ ആറിനാണ് മരണത്തിന് കീഴടങ്ങിയത്. വലിയ തര്‍ക്കങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമാണ് ഈ മരണം വഴിവച്ചത്. മരണത്തിന്റെ ദുരൂഹത പൂര്‍ണമായി നീക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മണിയുടെ ജീവിതം പകര്‍ത്തുന്ന ഒരു സിനിമ ഒരുങ്ങുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *