കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു: സ്പീക്കര്‍ രാജിവെച്ചു

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭ പാസാക്കിയത്. തലയെണ്ണേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശബ്ദവോട്ട്. വിശ്വാസവോട്ടിനു പിന്നാലെ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ രാജിവെച്ചു.
വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്ഠേനയാണ് നിയമസഭ അംഗീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്ന സീറ്റുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ബിജെപി സര്‍ക്കാരിന്റെ ഭാവി എന്നതും ശ്രദ്ധേയമാണ്. അതേസമയം വിശ്വാസ വോട്ട് നേടിയതോടെ ഇനി ആറ് മാസത്തേക്ക് മറ്റ് പ്രശ്നങ്ങളില്ലാതെ അധികാരത്തില്‍ തുടരാന്‍ യെദിയൂരപ്പക്ക് കഴിയും.

അതേസമയം രാഷ്ട്രീയത്തിലെ പ്രതികാര പ്രവര്‍ത്തനങ്ങളില്‍ താന്‍ ഏര്‍പ്പെടുന്നില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. മറക്കണം, ക്ഷമിക്കണം. ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ് താന്‍ മുഖ്യമന്ത്രിയായത്. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണ്. അതിനെ നമുക്കൊരുമിച്ച് മറികടക്കണം. കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നുവെന്നും യെദ്യൂരപ്പ സഭയില്‍ പറഞ്ഞു.

