KOYILANDY DIARY

The Perfect News Portal

കര്‍ണാടകയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പില്‍ എംഎല്‍എ അറസ്റ്റില്‍

ബംഗളുരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഫി പറമ്പിലിനൊപ്പം നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി വരികയാണ്.

രാജ്ഭവന്‍ അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ വച്ച്‌ അധികം ആര്‍ഭാടങ്ങളില്ലാതെയാണ് യദ്യൂരപ്പ രാവിലെ 9 മണിയോടെ സത്യപ്രതിജ്ഞ ചെയ്തത്. ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരിയപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് ഇനി യദ്യൂരപ്പയുടെ ഭാവി.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

Advertisements

രാത്രി പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്‍ധരാത്രിയില്‍ കോടതിയിലെത്തി. മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്‍ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള്‍ അടുത്ത ദിവസത്തേക്ക് മാറ്റി വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *