കയാക്കിംഗ് മേളയ്ക്ക് തുഷാരഗിരി ഒരുങ്ങി

കേരള ടൂറിസവും അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും കോഴിക്കോട് ജില്ലാ ടൂറിസം കൗണ്‍സിലും സംയുക്തമായി നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഏഴാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മേളയ്ക്ക് തുഷാരഗിരി ഒരുങ്ങി. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വനിത പുരുഷ കയാക്കിങ് താരങ്ങള്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
ചാലിപ്പുഴയില്‍ പുലിക്കയത്തും ഇരു വഞ്ഞിപ്പുഴയില്‍ അരിപ്പാറയിലും കയാക്കിംഗ് ഡൈവിംഗ് റാംപുകളുടെ നിര്‍മാണം നടന്നു വരുന്നു. വിദേശ ടൂറിസ്റ്റുകളുടെ പങ്കാളിത്തം കൊണ്ട് കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ശ്രദ്ധേയമായ കയാക്കിംഗ് മേള വന്‍വിജയമാക്കാന്‍ കോഴിക്കോട് ജില്ല ഭരണകൂടവും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമ പഞ്ചായത്തുകളും വിപുലമായ തയ്യാറെടുപ്പുകളിലാണ്.

കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് കയാക്കിംഗ് ജല കേളികള്‍ക്ക് വേദി ഒരുക്കിയിട്ടുള്ളത്. ജൂലൈ 26 ന് രാവിലെ 10.30ക്ക് പുലിക്കയത്ത് ആരംഭിക്കുന്ന കയാക്കിംഗ് മേള 28ന് അവസാനിക്കും.

