കഫേ കോഫീ ഡേ ഉടമയ്ക്കായി നേത്രാവതി പുഴയില്‍ വ്യാപക തിരച്ചില്‍

മംഗളൂരു: നേത്രാവതി പുഴയ്ക്ക് സമീപം കാണാതായ കഫേ കോഫീ ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടി നേത്രാവതി പുഴയില്‍ വ്യാപക തിരച്ചില്‍. സഹായത്തിന് കേരള കോസ്റ്റല്‍ പോലീസും എത്തിയിട്ടുണ്ട്.
അതിനിടെ തിരച്ചിലിന് കേന്ദ്രസഹായം തേടി കര്‍ണാടക ബിജെപി നേതൃത്വവും രംഗത്തെത്തി. ഉഡുപ്പി – ചിക്കമഗളൂരു എംപി ശോഭ കരന്ദ്‌ലാജെ, ദക്ഷിണ കന്നഡ എംപി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സഹായം അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച രാത്രി ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മഞ്ചേശ്വരം കോസ്റ്റല്‍ പോലീസാണ് തിരച്ചില്‍ നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.

ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെ നേത്രാവതി പുഴയ്ക്ക് കുറുകെ എത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതോടെ ഡ്രൈവര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന സംശയം ഉയര്‍ന്നിരുന്നു.

പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

സിദ്ധാര്‍ത്ഥിന് 7000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദം ഉണ്ടായിയെന്നും കമ്ബനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും സിദ്ധാര്‍ത്ഥ കമ്ബനിയിലെ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറഞ്ഞിരുന്നു.
