KOYILANDY DIARY

The Perfect News Portal

കന്നൂർ ജി.യു.പി. സ്കൂൾ ജീർണ്ണാവസ്ഥയിൽ; നാട്ടുകാർ പ്രതിഷേധത്തിൽ

ഉള്ളിയേരി: കന്നൂർ ജി.യു.പി. സ്കൂൾ പ്രവർത്തിക്കുന്ന വാടക കെട്ടിടം പഴക്കം ചെന്ന് ക്ലാസുകൾ നടത്താൻ പറ്റാത്ത അവസ്ഥയായിട്ടും പരിഹാരമായില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്തുകയോ വാടകക്കെട്ടിടം നിന്ന സ്ഥലം ഏറ്റടുക്കുകയോ ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാവശ്യവുമായി നാട്ടുകാർ ബഹുജന കൺവെൻഷൻ നടത്തി ഒപ്പുകൾ ശേഖരിച്ചു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സർക്കാർവിദ്യാലയത്തിന് സ്വന്തമായി കെട്ടിടം പണിതെങ്കിലും മുഴുവൻ ക്ലാസുകളും അതിൽ നടത്താൻ കഴിഞ്ഞിരുന്നില്ല. അവശേഷിച്ച ക്ലാസുകൾ നടത്തിയിരുന്ന വാടകക്കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ബലക്ഷയം വന്നതോടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ടായി.

ജൂണിൽ സ്കൂൾതുറന്നതോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച എട്ടോളം ക്ലാസുകൾ പലയിടങ്ങളിലായി നടത്തേണ്ടിവന്നു. ചില ക്ലാസുകളിൽ അധികം വിദ്യാർഥികളെ ഇരുത്തിയാണ് അധ്യയനം നടത്തിയത്. ഒന്നുകിൽ വാടകക്കെട്ടിടം ഏറ്റെടുത്ത് കെട്ടിടമുൾപ്പെടെയുള്ള സൗകര്യമൊരുക്കണം. അല്ലെങ്കിൽ മറ്റൊരു സ്ഥലം കണ്ടെത്തി കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാടിന്റെ ആവശ്യം. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിനു കീഴിലാണ് വിദ്യാലയം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും സമർപ്പിക്കാനാണ് ഒപ്പുകൾ ശേഖരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ സംരക്ഷണസമിതി ചെയർമാൻ ധർമരാജ് കുന്നനാട്ടിൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ബീന, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഗീത പുളിയാറയിൽ, സുജാത നമ്പൂതിരി, വിദ്യാലയ സംരക്ഷണസമിതി കൺവീനർ സതീഷ് കന്നൂർ, പി.എം. ഷാജി, ബിജു വേട്ടുവച്ചേരി, കെ.ടി. അശോകൻ, സിറാജ് ചിറ്റടത്ത്, ദേവദാസ് കടുക്കയി തുടങ്ങിയവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *