KOYILANDY DIARY

The Perfect News Portal

കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ന്യൂ ഡല്‍ഹി

ഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ന്യൂഡല്‍ഹി. റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴ്ന്നതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

പുലര്‍ച്ചെ ആറുമണിയോടെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചതോടെ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. ഒരു വിമാനം റദ്ദാക്കിയതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

വിമാനങ്ങളുടെ വരവിനും പ്രതികൂല കാലാവസ്ഥ തടസം സൃഷ്ടിച്ചിട്ടുണ്ട്. ചില വിമാനങ്ങള്‍ക്കു മാത്രമാണ് ഇറങ്ങാനായത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രികര്‍ പലരും ഇക്കാര്യം ട്വീറ്റുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലെയും ട്രെയിന്‍ സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള 56 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഇരുപതെണ്ണത്തിന്റെ സമയം പുനഃക്രമീകരിച്ചിട്ടുമുണ്ട്. 15 ട്രെയിനുകള്‍ റദ്ദാക്കിയതായും നോര്‍ത്തേണ്‍ റെയില്‍ വേ അറിയിച്ചു.

ഞായറാഴ്ചയും മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചിരുന്നു. രാവിലെ 7.30 നും പതിനൊന്നിനും ഇടയിലുള്ള വിമാനഗതാഗതമാണ് തടസ്സപ്പെട്ടത്. നാല്‍പ്പതില്‍ അധികം വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *