കനത്ത മഴ: രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്തെ പല മേഖലകളിലും കനത്ത നാശം വിതക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സേവനം തേടി.
ഇടുക്കി, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്കാണ് സേനയെ കൂടെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചത്. ദേശീയ ദുരന്തനിവാരണ സമിതിയുടെ മൂന്നു സംഘങ്ങളെ കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടു ബറ്റാലിയന്‍ കൂടി കോഴിക്കോട് ,വയനാട് ജില്ലകളില്‍ എത്തും. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അവരുടെ എല്ലാ ശേഷിയും വിനിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും, അതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമായ ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കും. മഴ കനത്തത്തോടെ പല ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. പുഴകളുടെ സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. ഇത്തരം മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

