കനത്ത മഴ: തീരമേഖലയില്‍ കനത്ത നാശനഷ്ടം, കടലില്‍ പോകരുതെന്ന് നിര്‍ദേശം

കോഴിക്കോട്: ‘വായു’ ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. സംസ്ഥാനത്തെ തീരമേഖലയില്‍ കടലാക്രമണം ശക്തമാണ്. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടെയും മലപ്പുറത്തെയും തീരമേഖലയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ കടല്‍ക്ഷോഭം ശക്തമാകാനാണ് സാധ്യത.
തെക്കന്‍ ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷം

കാലവര്‍ഷത്തോടൊപ്പം ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടിയായതോടെയാണ് കടല്‍ക്ഷോഭം ശക്തമായത്. തിരുവനന്തപുരം വലിയതുറയിലും കൊല്ലത്തും വലിയ രീതിയിലുള്ള കടല്‍ക്ഷോഭം തുടരുകയാണ്.

വലിയതുറയില്‍ പല വീടുകളിലും വെള്ളം കയറി. തീരമേഖലയിലുള്ള നാല് വീടുകള്‍ തകര്‍ന്നു. വെള്ളം അകത്തേക്ക് കയറി. തീരമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാണ്. തൊട്ടടുത്ത് തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കാലവര്‍ഷം കനത്തതോടെ കൊല്ലം ജില്ലയുടെ കടലോര മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പല ഇടങ്ങളിലുംവീടുകളും റോഡുകളും കടലെടുക്കുന്ന സ്ഥിതിയാണ്. അതേസമയം, പുലിമുട്ട് സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.
കടലാക്രമണം തടയാന്‍ ബീച്ച് മുതല്‍ താന്നിവരെയുള്ള തീരത്ത് 23 പുലിമുട്ടുകള്‍ സ്ഥാപിക്കുമെന്നാണ് എംഎല്‍ എ എം നൗഷാദ് അറിയിച്ചത്. 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ നീളമുള്ള പുലി മുട്ടുകള്‍ സ്ഥാപിക്കുന്നതിനായി 23.46 കോടി രൂപയുടെ പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
വടക്കന്‍ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്നാനി, താനൂര്‍, കൊയിലാണ്ടി, പരപ്പനങ്ങാടി എന്നീ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി. കലന്തത്തിന്‍റെ പുരക്കല്‍ സലാമിന്‍റെ മകന്‍ മുസമ്മിലാണ് അപകടത്തില്‍ പെട്ടത്.പോലീസ്, ഫയര്‍ ഫോഴ്‍സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. കനത്ത മഴയുടെയും ചുഴലിക്കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ കടലില്‍ കുളിക്കാനോ കളിക്കാനോ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രളയകാലത്തിന് ശേഷമുള്ള ആദ്യത്തെ മഴക്കാലത്ത് എല്ലാ ജില്ലാ ഭരണകൂടങ്ങളും ജാഗ്രതയിലാണ്. എല്ലാ തീരദേശ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍. കോഴിക്കോട് ജില്ലയുടെ തീരമേഖലകളിലും മലയോരമേഖലയിലും ശക്തമായി മഴ തുടരുകയാണ്. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ട സ്ഥിതിയുണ്ടായിരുന്നു.
ഡാമുകളിലും കനത്ത ജാഗ്രത
ഡാമുകളുടെ പ്രവര്‍ത്തനവും സൂക്ഷ്മമായി അധികൃതര്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു വിട്ടതും മറ്റും പ്രളയത്തിന് കാരണമായി എന്ന റിപ്പോര്‍ട്ടുകള്‍ കൂടി വന്ന പശ്ചാത്തലത്തിലാണ് ഡാമുകളിലെ ജലനിരപ്പ് അധികൃതര്‍ കൃത്യമായി ന ിരീക്ഷിക്കുന്നത്.
ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം
മധ്യകേരളത്തിലെ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ മിക്ക തീരപ്രദേശങ്ങളിലും കനത്ത വേലിയേറ്റമാണ് കഴിഞ്ഞ രാത്രിയും അനുഭവപ്പെട്ടത്. എറണാകുളത്തെ ചെല്ലാനം, കമ്ബനിപ്പടി ബസാര്‍ ഭാഗങ്ങളിലെ മുപ്പതിലേറെ വീടുകളില്‍ വെള്ളം കയറി. 150 ഓളം വീടുകള്‍ വെള്ളത്തിന് നടുവിലാണ്. കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് ദുരിതം കൂട്ടുന്നത്.
തൃശ്ശൂരിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, എറിയാട് മേഖലകളില്‍ വെള്ളം കയറിയതോടെ വീട്ടുകാര്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണ്. എറിയാട് പഞ്ചായത്തിന്‍റെ തീരപ്രദേശങ്ങളില്‍ രണ്ട് കിലോമീറ്ററോളം കടല്‍ കയറി. എറിയാട്, എടവിലങ്ങ് മേഖലയില്‍ തീരദേശ റോഡ് കടല്‍ കയറി ഗതാഗതയോഗ്യമല്ലാതായി. ആലപ്പുഴയില്‍ അമ്ബലപ്പുഴ, നീര്‍ക്കുന്നം, കക്കാഴം മേഖലകളിലാണ് കടലാക്രമണം രൂക്ഷം. ഇവിടങ്ങളിലെ കടലാക്രമണ ഭീഷണിപ്രദേശങ്ങളില്‍ പുലിമുട്ട് നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം നടപ്പായിട്ടില്ല. ഇടുക്കി ജില്ലയിലും കോട്ടയത്തും കാര്യമായ മഴ ലഭിച്ചിട്ടില്ല.
