കനത്ത മഴയില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. താനെയിലെ കാംബ പെട്രോള്‍ പമ്ബിലും റിവര്‍വിങ് റിസോര്‍ട്ടിലുമായി 115 പേര് കുടുങ്ങികിടക്കുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്താനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടി.
താനെയിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അതിനിടെ, വഴിയില്‍ കുടുങ്ങിയ മുംബൈ-കോലാപൂര്‍ മഹാലക്ഷ്മി എക്സ്പ്രസിലെ അഞ്ഞൂറിലധികം യാത്രക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ആരും പരിഭ്രാന്തരാകേണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്‍പത് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയാണ് ഇതുവരെ മഹാലക്ഷ്മി എക്സ്പ്രസില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്കെത്തിച്ചത്. ബാക്കി യാത്രക്കാരെ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണവും ചെയ്തു. യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്കാന് ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെ 37 ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍സംഘത്തെയും നിയോഗിച്ചു. രക്ഷപ്പെടുത്തിയവര്‍ക്ക് യാത്ര തുടരാന്‍ 14 ബസുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

