കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി

മുംബൈ∙ വെള്ളിയാഴ്ച മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി. റോഡുകളിലും റെയില്‍ പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് വാഹന – റെയില്‍ ഗതാഗതം ദുസഹമായി. താക്കൂര്‍വാഡി റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി മറിഞ്ഞത് യാത്രാക്ലേശം ഇരട്ടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 4.15 ഓടെയാണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി മറിഞ്ഞത്.
15 ബോഗികളാണ് പാളം തെറ്റിയത്. മുംബൈ-പുണെ ഇന്റര്‍സിറ്റി സര്‍വീസിനെയും ദീര്‍ഘദൂര സര്‍വീസുകളെയും സാരമായി ബാധിക്കും. സംസ്ഥാന സര്‍ക്കാരിനോട് യാത്രക്കാരുടെ യാത്രക്ലേശം കുറയ്ക്കാന്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ റെയില്‍വേ അഭ്യര്‍ഥിച്ചിട്ടുണ്ട്.മധ്യ റെയില്‍വേയില്‍ പലയിടങ്ങളും പാളങ്ങള്‍ വെള്ളത്തിനടിയില്‍ ആയതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണു നീങ്ങുന്നത്. മഴ കനത്തതിനെ തുടര്‍ന്ന് മുംബൈ- അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിന്റെ സര്‍വീസ് യാത്രക്കാരുടെ സുരക്ഷയെ കരുതി താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

