കനത്ത മഴയില്‍ ഇരുനില കെട്ടിടം തകര്‍ന്നു

വടകര: കനത്ത മഴയില്‍ ഓര്‍ക്കാട്ടേരി മാര്‍ക്കറ്റിനു സമീപത്തെ തെയ്യപ്പാടി ഗഫൂറിന്റെ ആറോളം മുറികളുള്ള ഇരുനില കെട്ടിടം തകര്‍ന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കടകള്‍ തുറക്കുന്നതിന് മുന്‍പായതും കെട്ടിടത്തിന്റെ പിന്‍ഭാഗം വീണതു കൊണ്ടും ആളപായമില്ല. കാലപഴക്കം കാരണം പൊളിച്ചുനീക്കാനിരുന്ന കെട്ടിടമാണിത്.
താഴത്തെ നിലയിലെ ദേശീയ ഔഷധശാല, അറഫ ജ്വല്ലറി, വാഴക്കുലക്കച്ചവടം എന്നിവയ്ക്കും മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫീസിനുമാണ് നാശം. നാട്ടുകാര്‍ കടകളിലെ സാധനങ്ങള്‍ നീക്കം ചെയ്തു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എടച്ചേരി പൊലിസും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി. തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി. കെട്ടിടത്തിന്റെ മുകള്‍ഭാഗം നീക്കം ചെയ്യുമ്ബോള്‍ ഏറെനേരം ടൗണ്‍വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

