KOYILANDY DIARY.COM

The Perfect News Portal

കത്ത് അയച്ചത് ചെന്നിത്തല തന്നെയെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി:  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിവാദ കത്ത് അയച്ചത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയെന്ന് ഹൈക്കമാന്‍ഡ്. ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്നാണ് കത്തു വന്നത്. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിനുപിന്നാലെ ഡിസംബര്‍ ഏഴാം തീയതിയാണു കത്തു ലഭിച്ചതെന്നും സ്ഥിരീകരിച്ചു. കത്തിന്റെ ഉള്ളടക്കം പരിശോധിക്കുകയാണെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ആദ്യം ഇമെയിലായും പിന്നീട് ഡല്‍ഹിയിലെത്തിയപ്പോള്‍ നേരിട്ടും കത്ത് കൈമാറി. എന്നാല്‍ കത്തിനെ മുന്‍നിര്‍ത്തി ആര്‍ക്കെതിരെയും നടപടിയെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. കത്തിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡില്‍ നിന്നുള്ള സ്ഥിരീകരണമുണ്ടായത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്ത് വ്യാജമെന്ന് പറഞ്ഞ സാഹചര്യത്തിലാണ് സുധീരന്‍ അന്വേഷണം ആവശ്യപ്പെട്ടത്. യുഡിഎഫ് സര്‍ക്കാരില്‍ അഴിമതി വ്യാപകമായെന്നും, മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ മോശമായെന്നും കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്ത് വിവാദമായിരുന്നു.

Share news