കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നു: സരിത നായര്‍

കൊല്ലം: സോളാര്‍ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കത്തില്‍ ഗണേഷ് കുമാര്‍ നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്നും കോടതിയില്‍ മൊഴി നല്‍കിയ ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതാ നായര്‍ രംഗത്ത്. കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നതായിസരിതാ നായര്‍ പറഞ്ഞു. കത്തില്‍ വരികള്‍ കൂട്ടിച്ചേര്‍ത്തു എന്നു പറയാന്‍ കത്ത് ഇതിനു മുന്‍പ് ഉമ്മന്‍ ചാണ്ടി കണ്ടിട്ടുണ്ടോ എന്ന് സരിത ചോദിച്ചു. കത്ത് താന്‍ തന്നെ എഴുതിയതാണെന്നും സംശയം ഉണ്ടെങ്കില്‍ കയ്യക്ഷരം തെളിയിക്കാന്‍ തന്റെയും ഗണേഷിന്റെയും സാംപിള്‍ എടുക്കട്ടെ എന്നും സരിത പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടത്തിയത് ബെന്നി ബഹനാന്‍, ഉമ്മന്‍ ചാണ്ടി, തമ്ബാനൂര്‍ രവി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ്. ആ ഗൂഢാലോചനയ്ക്ക് എതിരെയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഭയക്കുന്ന കുറച്ചുപേരാണ് കത്തിനെതിരെ കോടതികള്‍ കയറി ഇറങ്ങുന്നത് എന്നും സരിത പറഞ്ഞു.

ഗണേഷ് കുമാര്‍ എംഎല്‍എയും സരിത എസ് നായരും തനിക്കെതിരെ വ്യാജരേഖകള്‍ ഉണ്ടാക്കി ഗൂഢാലോചന നടത്തിയതായാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ സാക്ഷി മൊഴി നല്‍കിയത്. മന്ത്രി സഭയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതിലുള്ള ഗണേഷ്‌കുമാറിന്റെ വിരോധമാണ് ഗൂഢാലോചനക്ക് കാരണം. സരിത ജയില്‍വെച്ച് എഴുതിയതായി പറയുന്ന കത്തില്‍ കൂടുതല്‍ പേജുകള്‍ എഴുതിചേര്‍ത്താണ് ഗൂഢാലോചന നടത്തിയതെന്നും ഉമ്മന്‍ചാണ്ടിയില്‍ മൊഴിയില്‍ പറയുന്നു.

തന്റെ മന്ത്രി സഭയില്‍ അംഗമായിരുന്ന ഗണേഷ്‌കുമാറിന് രാജിവെച്ച ശേഷം പലകാരണങ്ങളാല്‍ മന്ത്രി സഭയിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞില്ല. ഇതിലുള്ള വിരോധമാണ് ഗണേഷ്‌കുമാര്‍ സരിത നായരുമായി ഗൂഡാലോചന നടത്താന്‍ കാരണം. സരിത പത്തനംതിട്ട ജില്ലാ ജയിലില്‍ വെച്ച് എഴുതിയതായി പറയുന്ന 21 പേജുള്ള കത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന 4 പേജുകള്‍ ഗൂഡാലോചനയുടെ ഭാഗമായി പിന്നീട് എഴുതിചേര്‍ത്തതാണെന്നും ഉമ്മന്‍ചാണ്ടി കോടതില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

