KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ ജില്ലയിൽ ഇന്ന് ബിജെപിയും തില്ലങ്കേരി പഞ്ചായത്തിൽ സിപിഐഎമ്മും ഹർത്താൽ ആചരിക്കും

കണ്ണൂർ: ഇരിട്ടി തില്ലങ്കേരിയ്ക്ക് സമീപം ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ച. സംഭവത്തിൽ പ്രതിഷേധിച്ച്‌ ബിജെപി പ്രവർത്തകർ കണ്ണൂർ ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കും. പാൽ, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തിൽ സിപിഐഎമ്മും ഹർത്താൽ ആചരിക്കും.
ബിജെപി പ്രവർത്തകനും മുഴക്കുന്ന് സ്വദേശിയുമായ വിനീഷ് (27) ആണ് ഇന്ന് രാത്രി ഒന്‍പതരയോടെ കൊല്ലപ്പെട്ടത്. വിനീഷ് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ബിജെപി പ്രവര്‍ത്തകർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

സ്ഥലത്ത് മണിക്കൂറുകൾക്ക് മുൻപ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിജേഷിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ ജിജേഷിനെ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ കുണ്ടേരിഞ്ഞാൽ യൂണിറ്റ് വൈസ് പ്രസിഡന്റാണ് ജിജേഷ്.
ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.അതേസമയം സിപിഐഎം നരനായാട്ട് നടത്തുന്നുവെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു

Share news