KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റിന്‌ പ്രൌഡോജ്ജ്വല തുടക്കം

കൊയിലാണ്ടി : കൊയിലാണ്ടി ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. വൈകീട്ട് 5 മണിക്ക് ടൗൺഹാളിൽ നടന്ന പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ അഡ്വ: കെ. സത്യൻ സ്വാഗതം പറഞ്ഞു. ഇന്ന് മുതൽ സപ്തംബർ 12 വരെയാണ് മേള നടക്കുക. അതോടൊപ്പം എല്ലാ ദിവസവും വൈകീട്ട് മുതൽ വിവിധ കലാ സാസം്ക്കാരിക പരിപാടികളും വേദിയിൽ അരങ്ങേറും. ഉദ്ഘാടന ചടങ്ങിൽ മുൻ എം. എൽ. എ. പി. വിശ്വൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു, എൻ. കെ. ഭാസ്‌ക്കരൻ, ദിവ്യ ശെൽവരാജ്, വി. കെ. അജിത, കക്ഷി നേതാക്കളായ യു. രാജീവൻ, വി. പി. ഇബ്രാഹിംകുട്ടി, പി. കെ. സുരേഷ്, സി. സത്യചന്ദ്രൻ, വായനാരി വിനോദ്, അഡ്വ: സുനിൽ മോഹൻ, മുൻ ചെയർപേഴ്‌സൺ കെ. ശാന്ത, വ്യാപാരി നേതാക്കളായ ടി. പി. ബഷീർ, ഇസ്മയിൽ, നഗരസഭാ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നേരത്തെ മാരാമുറ്റം തെരു റോഡിൽ നിന്ന് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വർണ്ണശബളമായ ഘോഷയാത്ര നഗരംചുററി ടൗൺഹാൾ പരിസരത്തെത്തുമ്പോഴേക്കും ടൗൺഹാൾ പരിസരവും ബസ്സ് സ്റ്റാന്റ് പരിസരവും ജനനിബിഡമായിരുന്നു. ആയിരത്തിലധികം കുടുംബശ്രീ പ്രവർത്തകർ ഒന്നിച്ചണിനിരന്ന കൊയിലാണ്ടിയിലെ ഏറ്റവും വലിയ ഘോഷയാത്രയായി കൊയിലാണ്ടി ഫെസ്റ്റ് മാറി. രാവിലെ മുതൽ തന്നെ കൊയിലാണ്ടി ടൗണിൽ ഉണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഘോഷയാത്രയോട്കൂടി ദുരിതക്കയമായിമാറി. പുതിയബസ്സ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച കുടുംബശ്രീ വിപണന മേളയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.50ൽ അധി സ്റ്റാളുകളാണ് ഒരുങ്ങിയിട്ടുള്ളത്. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിലെ ഉത്പ്പന്നങ്ങൾ വൻ വിലക്കുറവിലാണ് ലഭിക്കുന്നത്. കൂടാതെ പുറമെനിന്നുള്ള സംഘങ്ങളുടെ സ്റ്റാളുകളും സജീവമാണ്.