KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കൽ വിജയകരം

കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം വന്നിറങ്ങി. ഇതോടെ വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും വരച്ചുചേര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ 737 ബോയിങ് വിമാനമാണ് പരീക്ഷണപ്പറക്കലിനെത്തിയത്.

വ്യാഴാഴ്ച രാവിലെ 9.57 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട ഐ എക്സ് 555/എഎക്സ് ബി 555 വിമാനം 10.27 ന് കണ്ണൂര്‍ വിമാനത്താവള മേഖലയിലെത്തി. തുടര്‍ന്ന് 10.35 ഓടെ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. പല തവണ ലാന്‍ഡിങ്ങും ടേക്ക് ഓഫും നടത്തുന്നതിലൂടെ റണ്‍വേയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്തും. കിയാല്‍ എംഡി വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരീക്ഷണപ്പറക്കലിനു് സാക്ഷ്യം വഹിച്ചു. രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടര്‍ച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ ആരംഭിച്ചത്. ചെറുവിമാനങ്ങള്‍ ഇതിനകം പത്തതവണ ഇവിടെ ഇറക്കിയിട്ടുണ്ട്.

ക്യാപ്റ്റന്‍ എ ശ്രീനിവാസ റാവു, ഫസ്‌റ്റ്‌ ഓഫീസര്‍ അരവിന്ദ്‌ കുമാര്‍, സീനിയര്‍ ക്യാബിന്‍ ക്രൂ സൈന മോഹന്‍ എന്നിവരും നാല്‌ എഞ്ചിനീയര്‍മാരുമടക്കം പത്ത്‌ പേരാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. വിമാനത്താവള സജ്ജീകരണങ്ങളില്‍ സംഘം സംതൃപ്‌തി പ്രകടിപ്പിച്ചു. പ്രകൃതി രമണീയമാണ്‌ വിമാനത്താവളമേഖലയെന്നും സംഘം പറഞ്ഞു. ഒരു മണിക്കുറിന്‌ ശേഷം വിമാനം തിരുവനന്തപുരത്തേക്ക്‌ തിരിച്ചു പറന്നു.

Advertisements

വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂര്‍ത്തിയായതോടെയാണ്‌ വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ഥം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങിയത്‌. ഇതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വാണിജ്യ സര്‍വീസിനായുള്ള അനുമതി ലഭിക്കും.

വലിയ വിമാനം സുരക്ഷിതമായി ഇറങ്ങിയാല്‍ ഈമാസം തന്നെ വിമാനത്താവള ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടന്‍ ഉദ്ഘാടനത്തീയതി തീരുമാനിക്കും. ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ കമ്ബനികള്‍ക്ക് അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാര്‍ജ് കുറഞ്ഞ ഉഡാന്‍ വിമാന സര്‍വീസുകളുമുണ്ടാകും. ഒക്ടോബര്‍ 29ന് പുറത്തിറങ്ങുന്ന ഈ വിമാനക്കമ്ബനികളുടെ ശൈത്യകാല ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളവും ഇടംപിടിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *