കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം : കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറത്ത് വടക്കേമണ്ണയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഇവിടെ മൂന്ന് വിദ്യാര്‍ത്ഥികളാണ് പുഴയിലിറങ്ങിയത്. ഇതില്‍ രണ്ട് പേരെ രക്ഷപെടുത്തി. വടക്കേമണ്ണ മുഹമ്മദിന്റെ മകന്‍ റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. ചോലശേരി ഹംസയുടെ മകന്‍ റിഷാദ് (11), ഹംസയുടെ സഹോദരന്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജസീല്‍ (11) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റൈഹാന്‍.
കടലുണ്ടിപ്പുഴയില്‍ ഈ മാസം ഇത് രണ്ടാമത്തെ അപകടമാണ്. ഏഴാം തീയതിയാണ് പുഴയില്‍ രണ്ട് കുരുന്നു സഹോദരിമാര്‍ മുങ്ങി മരിച്ചിരുന്നു. ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് സഹോദരിമാര്‍ മുങ്ങിമരിച്ചത്. ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവര്‍ മരിച്ചത്.

മാതാവ് സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ ഫാത്തിമ നിദ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

