KOYILANDY DIARY

The Perfect News Portal

ഓപ്പറേഷന്‍ കുബേര: പ്രതിമാസം നടക്കുന്നത് 2,000 കോടിയുടെ ഇടപാട്; പിടിച്ചെടുത്തത് 4.67 കോടി മാത്രം

ആലപ്പുഴ: ബ്ലേഡ്മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ ഓപ്പറേഷന്‍ കുബേരയ്ക്ക് ദയനീയ അന്ത്യം. മാസം തോറും 2,000 കോടി രൂപയുടെ സമാന്തരസാമ്ബത്തിക സാമ്രാജ്യം കെട്ടിപ്പടുത്താണ് സ്വകാര്യപണമിടപാടു നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ബ്ലേഡ് മാഫിയയുടെ രൂപത്തില്‍ സംസ്ഥാനത്തെങ്ങും വല വിരിച്ചിരുന്നതെന്ന് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി പറയുന്നു. എന്നാല്‍ രണ്ടു വര്‍ഷക്കാലയളവിനുള്ളില്‍ ഇതുവരെ 4,67,97,416 രൂപ മാത്രമാണ് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പിടിച്ചെടുക്കാന്‍ സാധിച്ചത്. ഇതില്‍ നിന്നു തന്നെ പദ്ധതിയുടെ പരാജയം വ്യക്തമാകുന്നു. വിരലിലെണ്ണാവുന്നവരെ നിയമനടപടികളില്‍ കുടുക്കാന്‍ സാധിച്ചെങ്കിലും സാധാരണക്കാര്‍ ഇപ്പോഴും ബ്ലേഡുകാരുടെ ഇരകളായി തന്നെ അവശേഷിക്കുന്നു.

വമ്ബന്മാര്‍ വലയ്ക്കുള്ളില്‍ പെട്ടില്ലെന്ന് മാത്രമല്ല, ചില പേലീസുകാരും ഉന്നതരും ബ്ലേഡ് മാഫിയയെ ഭീഷണിപ്പെടുത്തി നേട്ടമുണ്ടാക്കിയത് മാത്രമാണ് ബാക്കിപത്രം. 2014 മെയ് 11നാണ് ഓപ്പറേഷന്‍ കുബേരയ്ക്ക് തുടക്കമായത്. കഴുത്തറുപ്പന്‍ ബ്ലേഡ് പലിശക്കാരുടെ പീഡനങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയാതെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ അഞ്ചംഗകുടുംബം ആത്മഹത്യയില്‍ അഭയംതേടിയ ദാരുണസംഭവത്തെ തുടര്‍ന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി ആരംഭിച്ചശേഷം കഴിഞ്ഞ പത്തൊന്‍പതാം തീയതി വരെ 14,178 റെയ്ഡുകള്‍ നടത്തി 3,258 കേസുകള്‍ പലിശക്കാര്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്യുകയും 2,140 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ആഭ്യന്തര വകുപ്പ് അവകാശപ്പെടുന്നത്. ബ്ലേഡുകാരില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കാന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഋണമുക്തി പദ്ധതിയും കടലാസില്‍ ഒതുങ്ങി. ഓപ്പറേഷന്‍ കുബേരയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബാങ്കുകളുമായി സഹകരിച്ച്‌ ഋണമുക്തി പദ്ധതി നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ചത്. ധനമന്ത്രിയെ മറികടന്ന് ആഭ്യന്തര മന്ത്രിയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രായോഗികമല്ലെന്നാണ് ബാങ്കുകാരുടെ വിലയിരുത്തല്‍. ബ്ലേഡുകാരില്‍ നിന്ന്് കൊള്ളപ്പലിശയ്ക്ക് പണം വായ്പയെടുത്തവര്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിന് ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്നതായിരുന്നു ഋണമുക്തി പദ്ധതി. എന്നാല്‍ ബാങ്കുകളില്‍ നിന്ന് വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡമോ വ്യവസ്ഥകളോ തയാറാക്കിയിട്ടില്ല. വായ്പയ്ക്ക് എത്ര ശതമാനം പലിശ ഈടാക്കാമെന്ന് പോലും യാതൊരു എത്തുംപിടിയുമില്ല. പദ്ധതി പ്രകാരം 50,000 രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പയായി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ബാങ്ക് നല്‍കുന്ന സഹായം ഉപയോഗിച്ച്‌ പലിശക്കാരനുമായുള്ള എല്ലാ ബാധ്യതകളും തീര്‍ക്കണം.