ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സദാചാര കൊലപാതകമെന്ന് സൂചന

പാലക്കാട്: പുതുപ്പരിയാരം വള്ളിക്കോട് കമ്പ പാറയ്ക്കലില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രദേശത്തെ ബന്ധുക്കളായ മൂന്നു പേര് ഒളിവിലാണ്. കമ്ബ പാറയ്ക്കല്‍ കുണ്ടുകാട് പരേതനായ അബ്ദുള്‍ ബഷീറിന്റെ മകന് ഷമീറിനെ(31) യാണ് വ്യാഴാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്.
ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് കാത്തുനിന്ന സംഘം വലിച്ചിറക്കി ആക്രമിച്ചതായാണ് വിവരം. പ്രദേശത്തെ ഒരു വീട്ടമ്മയുമായി ഷമീറിനു ബന്ധമുണ്ടെന്ന കാരണത്താലാണ് ആക്രമണം. ആസൂത്രിത കൊലപാതകമായാണ് പോലീസ് ഇതിനെ കാണുന്നത്. ശരീരത്തിന് പുറകിലേറ്റ ആഴത്തിലുള്ള രണ്ടു കുത്താണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. പിന്നില്‍ നിന്നുള്ള കുത്തില്‍ ശ്വാസകോശം തകര്‍ന്നു. ഇരുമ്ബുവടി കൊണ്ട് തലയ്ക്കും മുഖത്തും അടിയേറ്റിട്ടുണ്ട്. സമീപത്തു നിന്നും രണ്ടു സ്റ്റീല്‍ റാഡുകള്‍ പോലീസ് കണ്ടെടുത്തു. അതേസമയം കുത്താന്‍ ഉപയോഗിച്ച മൂര്‍ച്ഛയേറിയ ആയുധം ലഭിച്ചിട്ടില്ല.

സംഭവശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് മുണ്ടൂരില്‍ ചെര്‍പ്പുളശ്ശേരി റോഡിലെ സഹകരണ ബാങ്കിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ ഇന്നലെ കണ്ടെത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സംഘം രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിനു മുമ്ബ് ഈ മൂന്നംഗസംഘത്തെ ബൈക്കില്‍ കറങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്.

മുങ്ങിയ മൂന്നുപേരില്‍ രണ്ടുപേര്‍ അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളികളാണ്. ഒരാള്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുന്നതായാണ് വിവരം. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്ന് ഹേമാംബിക നഗര്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന് പറഞ്ഞു.മുട്ടിക്കുളങ്ങരയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച ഷമീര്‍. അവിവാഹിതനാണ്. മാതാവ്: പരേതയായ സുബൈദ. സഹോദരങ്ങള്‍: അബ്ദുള്‍ ഷക്കീര്‍, ഷക്കീല ഭാനു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഖബറടക്കി.

