ഓടേരിപ്പൊയില്‍ നീര്‍ത്തട പദ്ധതിയുടെ പ്രവൃത്തി കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

തൊട്ടില്‍പ്പാലം: ജലസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി, ജല ലഭ്യത ഉറപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഹരിത കേരളം പദ്ധതി. ഒരുതുള്ളി വെള്ളംപോലും പാഴാക്കിക്കളയാതെ സൂക്ഷിച്ചാല്‍ മാത്രമെ വരും തലമുറയെയെങ്കിലും ജലക്ഷാമത്തില്‍ നിന്ന് രക്ഷിക്കാനാവുകയുള്ളുവെന്നും കാര്‍ഷിക മേഖലയില്‍ അത്തരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കാവിലുമ്പാറ പഞ്ചായത്തിലെ ഓടേരിപ്പൊയില്‍ നീര്‍ത്തട പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണ, പര്യവേക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത്, കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രന്‍, പി.ജി. ജോര്‍ജ്, പുഷ്പ തോട്ടുംചിറ, കെ.ടി. സുരേഷ്, പി. സുരേന്ദ്രന്‍, കെ.പി. ശ്രീധരന്‍, റിന കുയ്യടി, കെ.കെ. മോളി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ടി.പി. ആയിഷ വിവിധകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ചൊത്തക്കൊല്ലി തോടില്‍ താഴെ കരിങ്ങാട് തോട് കൂടിച്ചേരുന്ന മൂന്നാം കൈപ്പുഴ ഭാഗം വരെയുള്ള പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഓടേരിപ്പൊയില്‍ നീര്‍ത്തട പദ്ധതിക്ക് 2.5 കോടിയാണ് വകയിരുത്തിയത്. കല്ല് കയ്യാല, പുല്‍വരമ്ബ്, തടയണകള്‍, കുളം നിര്‍മാണം, പാര്‍ശ്വഭിത്തി സംരക്ഷണം എന്നിവയൊക്കെ പദ്ധതിയില്‍ ഉള്‍പ്പെടും. തികച്ചും ജനകീയമായി നടപ്പാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ സഹായവുമുണ്ട്.

