KOYILANDY DIARY.COM

The Perfect News Portal

ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് പിതാവ്

പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. വിജിലന്‍സ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറോടാണ് വിവരം തേടിയത്. പത്രവാര്‍ത്തയെ തുടര്‍ന്നാണ് എം.ഡി. വിശദീകരണം ആവശ്യപ്പെട്ടത്. സോണല്‍ മാനേജരോട് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ തലശ്ശേരി ഡിപ്പോ ഇന്‍സ്പെക്ടര്‍ ചോമ്പാല പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ആരാഞ്ഞു. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയെപ്പറ്റി അന്വേഷിക്കാനാണ് വന്നത്. ബസ് ചോമ്പാല പോലീസായിരുന്നു തടഞ്ഞത്. ആലപ്പുഴ സ്വദേശികളായ ജീവനക്കാര്‍ക്കെതിരേ വകുപ്പ്തല നടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് കാരണത്താലാണിത്.

സാധാരണനിലയില്‍ കെ.എസ്.ആര്‍.ടി.സി. മിന്നല്‍ ബസ് നിര്‍ത്തേണ്ടതില്ല. എന്നാല്‍ പോലീസ് രണ്ടിടത്ത് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയത് അംഗീകരിക്കാന്‍ പറ്റുന്നതല്ല. മറ്റൊന്ന് രാത്രി രണ്ടുമണി കഴിഞ്ഞതിനാല്‍ നിയമങ്ങളൊന്നും നോക്കാതെ തന്നെ വിദ്യാര്‍ഥിനിക്ക് മാനുഷിക പരിഗണനവെച്ച്‌ ബസ് നിര്‍ത്തിക്കൊടുക്കേണ്ടതാണ്. അതുമാത്രമല്ല അടുത്ത സ്റ്റേജായ കണ്ണൂര്‍ക്കുള്ള ടിക്കറ്റും കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച്‌ കുട്ടിയെടുത്തതാണ്. ഈ സാഹചര്യത്തില്‍ പയ്യോളിയില്‍ നിര്‍ത്തിക്കൊടുക്കാവുന്നതാണ്. അതുമാത്രമല്ല കോഴിക്കോട് ബസ്സ്റ്റാന്‍ഡ് വിട്ടതിന് ശേഷം വിദ്യാര്‍ഥിനിയോട് പയ്യോളി നിര്‍ത്തില്ലെന്നും വേണമെങ്കില്‍ ഇപ്പോള്‍ ഇറങ്ങിക്കോളൂവെന്നും കണ്ടക്ടര്‍ പറഞ്ഞതായി പറയുന്നു.

Advertisements

അങ്ങനെയെങ്കില്‍ ആ നിര്‍ത്തല്‍ പയ്യോളിയിലാവാമായിരുന്നു. ഈ കാര്യങ്ങള്‍ ഗുരുതര വീഴ്ചയായാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ കണാക്കാക്കുന്നത്. കോട്ടയം പാലായില്‍ നിന്ന് ബസില്‍ കയറിയ പള്ളിക്കര കെ.സി. അബ്ദുള്‍അസീസിന്റെ മകളെയാണ് ശനിയാഴ്ച പുലര്‍ച്ചെ ബസ് ജീവനക്കാര്‍ പയ്യോളിയില്‍ ഇറക്കാതെപോയത്. പയ്യോളിയിലും മൂരാടും പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെപോയ ബസിനെ ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം ജീപ്പ് റോഡിന് കുറുകെയിട്ട് പോലീസ് തടയുകയായിരുന്നു.

തുടര്‍ന്നാണ് വിദ്യാര്‍ഥിനി ഇറങ്ങിയത്. ഒന്നരമണിക്കൂര്‍ നേരമാണ് വിദ്യാര്‍ഥിനി ബസിലും പിതാവ് റോഡിലുംനിന്ന് തീ തിന്നത്. ചോമ്പാലയില്‍ നിന്ന് ഇവര്‍ പയ്യോളിയിലെത്തുമ്ബോള്‍ നേരം വെളുത്തിരുന്നു. അസീസിന് സുഖമില്ലാതെ ഞായറാഴ്ച ആസ്​പത്രിയില്‍ പോകേണ്ടിവന്നു. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കെ.എസ്.ആര്‍.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് പിതാവ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *