ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്താത്തതിനെ തുടര്‍ന്ന് സൗമ്യയുടെ ജഡം മറവുചെയ്തു
കണ്ണൂര്‍: ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്താത്തതിനെ തുടര്‍ന്ന് പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്ബലത്ത് മറവുചെയ്തു. മനുഷ്യാവകാശ കമ്മീഷന്റെ കേസ് നിലവിലുള്ളതിനാല്‍ പുറത്തെടുക്കാനുള്ള സൗകര്യത്തിനായി മൃതദേഹം ദഹിപ്പിച്ചിട്ടില്ല. ഇന്നലെ രാവിലെ പതിനൊന്നരയോടെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അജ്ഞാതമൃതദേഹങ്ങള്‍ സംസ്കരിക്കുന്ന സ്ഥലത്താണ് മറവുചെയ്തത്. കണ്ണൂര്‍ കോര്പറേഷന് അധികൃതരുടെ സമ്മതവും വാങ്ങിയിരുന്നു.
കണ്ണൂര്‍ വനിതാ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മാതാപിതാക്കളെയും മകളെയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ വെള്ളിയാഴ്ച കാലത്താണ് ജയിലില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ് അടുത്തദിവസം തന്നെ കണ്ണൂരിലെത്തും.

