എല്‍.ഡി.എഫ്. മന്ത്രിസഭയുടെ സ്ഥാനാരോഹണം മലയാളികള്‍ ആഘോഷമാക്കി
തിരുവനന്തപുരം: കരുത്തുറ്റ ഭരണനേതൃത്വവുമായി കേരളം പുതുയുഗത്തിലേക്ക് കാലൂന്നിയപ്പോള്‍ കേരളമാകെ ഉത്സവച്ചാര്‍ത്ത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ എല്‍ഡിഎഫ് മന്ത്രിസഭയുടെ സ്ഥാനാരോഹണം പാട്ടും ആട്ടവും പായസവിതരണവും അന്നദാനവുമൊക്കെയായി മലയാളികള്‍ ആഘോഷമാക്കി.
ബുധനാഴ്ച രാവിലെമുതല്‍ ഗ്രാമ–നഗര ഭേദമെന്യേ ആഘോഷം ആരംഭിച്ചിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ചെങ്കൊടികള്‍ വാനില്‍ പാറിച്ചും ചെഞ്ചായം പൂശിയും ചുവന്നതൊപ്പിയും വസ്ത്രങ്ങളുമണിഞ്ഞ് ചുവന്ന കുടകളുമേന്തി നാടാകെ നിരത്തിലിറങ്ങിയതോടെ കേരളം ചെങ്കടലാക്കി. ആഘോഷങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആബാലവൃദ്ധം അണിനിരന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വലിയതോതില്‍ സ്ത്രീകള്‍ ആഘോഷങ്ങളില്‍ പങ്കാളികളായത്.

യുവാക്കള്‍ ഇരുചക്രവാഹനങ്ങളില്‍ കൊടികളുമായി ആഹ്ളാദ റാലികളായി നാടുചുറ്റി. സ്ത്രീകളുടെ നേതൃത്വത്തില്‍ കവലകളില്‍ പ്രത്യേക പന്തലൊരുക്കി പായസവിതരണം നടന്നു. മിക്കയിടത്തും ഭക്ഷണവിതരണവുമുണ്ടായിരുന്നു. രാവിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചതെങ്കില്‍ ഉച്ചയോടെ മുഴുവന്‍ ജനങ്ങളും ആഘോഷങ്ങളിലേക്ക് ആവേശപൂര്‍വം എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ആലേഖനംചെയ്ത വസ്ത്രങ്ങളണിഞ്ഞ് കൂറ്റന്‍ അഭിവാദ്യ ബാനറുകള്‍ക്കു പിന്നില്‍ അണിനിരന്ന് എവിടെയും ആഹ്ളാദപ്രകടനങ്ങള്‍ ദൃശ്യമായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് ജനം ആഹ്ളാദനൃത്തം ചവിട്ടി. ഉച്ചവരെ ആഘോഷത്തിമിര്‍പ്പിലായിരുന്നവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാന്‍ ടെലിവിഷനു മുന്നിലെത്തി. കേരളചരിത്രത്തിലെ ഈ സമ്മോഹനനിമിഷം ഒന്നിച്ചിരുന്നു കാണാന്‍ മിക്കയിടങ്ങളിലും സംഘടനകള്‍ കൂറ്റന്‍ എല്‍സിഡി സ്ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. നാലുമണിക്ക് മുഖ്യമന്ത്രിയായി പിണറായി സത്യവാചകം ചെല്ലിത്തുടങ്ങിയപ്പോള്‍ കേരളമെങ്ങും ആഘോഷത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തി. പടക്കം പൊട്ടിച്ചും ബാന്‍ഡിനൊത്ത് നൃത്തം ചെയ്തും എങ്ങും ആവേശം മാനംമുട്ടെ. ബഹുജന സംഘടനകളും സന്നദ്ധ സംഘടനകളും മത്സരിച്ച് പായസവിതരണം തുടങ്ങി. ബസുകളില്‍വരെ മധുരം വിളമ്പി ടൌണുകളില്‍ തൊഴിലാളിജനത ഉത്സവം ഏറ്റെടുത്തു.

സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു വിദേശ മലയാളികള്‍ ആഘോഷങ്ങളില്‍ പങ്കാളികളായത്. കേരളത്തിലെ പുതിയ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ച് വിദേശങ്ങളിലെ തൊഴില്‍കേന്ദ്രങ്ങളിലും വീടുകളിലും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷമുണ്ടായിരുന്നു.
എ കെ ജി സെന്ററിലേക്ക് വന്‍ ജനപ്രവാഹം
തിരുവനന്തപുരം > ബുധനാഴ്ച പുലര്‍ച്ചെമുതല്‍ തലസ്ഥാന നഗരിലേക്ക് ഒഴുകിയെത്തിയ ജനസാഗരം ആദ്യം ഒത്തുകൂടിയത് എ കെ ജി സെന്ററിനു മുന്നില്‍. എല്ലാവര്‍ക്കും ലക്ഷ്യം ഒന്നായിരുന്നു. എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നത് നേരിട്ടു കാണണം. നേതാക്കളെ നേരില്‍ക്കണ്ട് അഭിനന്ദിക്കണം, ഒപ്പംനിന്ന് ഫോട്ടോയെടുക്കണം. പകല്‍ പത്തോടെ എ കെ ജി സെന്റര്‍ പരിസരം ജനസാഗമായി. ഗേറ്റിലും റോഡിലും പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ എ കെ ജി സെന്ററും നിറഞ്ഞുകവിഞ്ഞു. അപരിചിതത്വങ്ങള്‍ മാറ്റിവച്ച് എല്ലാവരും പരസ്പരം ആശ്ളേഷിച്ചും അഭിവാദ്യം ചെയ്തും ആഹ്ളാദം പങ്കുവച്ചു.
പുറത്തു തടിച്ചുകൂടിയവര്‍ ചെങ്കൊടികളുമായി ആഹ്ളാദനൃത്തം ചവിട്ടി. പ്രവര്‍ത്തകര്‍ക്ക് ആവേശം വിതറി നേതാക്കള്‍ ഓരോരുത്തരായി എത്തിക്കൊണ്ടേയിരുന്നു. മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നേതാക്കള്‍ എ കെ ജി സെന്ററിലേക്ക് കടന്നു. പ്രവര്‍ത്തകരുടെയും അണികളുടെയും നിര്‍ബന്ധത്തിനുവഴങ്ങി സെല്‍ഫി എടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് നല്‍കാനും നേതാക്കള്‍ സമയം കണ്ടെത്തി. മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത വിവിധ നേതാക്കളുടെ കുടുംബാംഗങ്ങളും എ കെ ജി സെന്ററിലെത്തിയിരുന്നു.
‘സഗൌരവം’ 16 പേര്‍
തിരുവനന്തപുരം > സത്യപ്രതിജ്ഞചെയ്ത മന്ത്രിമാരില്‍ 16 പേര്‍ ‘സഗൌരവ’ക്കാര്‍. മൂന്നുപേര്‍ ഒഴികെ എല്ലാവരും ‘സഗൌരവം’ പ്രതിജ്ഞയെടുത്തു. അഡ്വ. മാത്യു ടി തോമസ്, ഡോ. കെ ടി ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുശേഷം നിയമസഭാകക്ഷി നേതാക്കളായ ഇ ചന്ദ്രശേഖരന്‍ (സിപിഐ), മാത്യു ടി തോമസ് (ജനതാദള്‍ എസ്), എ കെ ശശീന്ദ്രന്‍ (എന്‍സിപി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്) എന്നിവര്‍ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് അക്ഷരമാലാക്രമത്തിലായിരുന്നു ഊഴം. എ കെ ബാലനില്‍ തുടങ്ങി ഡോ. ടി എം തോമസ് ഐസക് വരെ.
എല്ലാം കൃത്യതയോടെ
ചരിത്രത്തിലേക്ക് ഈ സത്യപ്രതിജ്ഞ
തിരുവനന്തപുരം > ബുധനാഴ്ച രാവിലെ ഒമ്പത്. രാജ്ഭവന്‍ വരാന്തയിലും യോഗഹാളിലും വന്‍ മാധ്യമപ്പട.
9.20ന് കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍. ഗവര്‍ണര്‍ പി സദാശിവവുമായി പത്ത് മിനിറ്റോളം ചര്‍ച്ച. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയശേഷം പിണറായി പുറത്തേക്ക്.
സെന്‍ട്രല്‍ സ്റ്റേഡിയം ഉച്ചയ്ക്കുശേഷം 2.40
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബസമേതം എത്തുന്നു. തുടര്‍ന്ന് അതിഥികളെ ചെന്നുകണ്ട് ക്ഷേമാന്വേഷണം.
3.26– സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം എ ബേബിയും എത്തുന്നു.
3.29– വന്‍ ആരവത്തിനിടെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം എത്തുന്നു. അതിഥികളെ അഭിവാദ്യംചെയ്തശേഷം പ്രകാശ് കാരാട്ടിനും മറ്റു നേതാക്കള്‍ക്കും അടുത്തിരുന്നു.
3.30– മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും എത്തുന്നു.
3.41– മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി ജെ കുര്യന്‍ എന്നിവര്‍ സദസ്സിലേക്ക്.
3.48– മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എത്തുന്നു.
3.56– ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വേദിയിലേക്ക്. തുടര്‍ന്ന് പൊലീസ് ബാന്‍ഡ് സംഘത്തിന്റെ ദേശീയഗാനം.
4.00– ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് സത്യവാചകം ചൊല്ലാനായി പിണറായി വിജയനെ ക്ഷണിക്കുന്നു. അതോടെ സദസ്സ് ആരവത്തില്‍ മുങ്ങുന്നു. മുദ്രാവാക്യംവിളികള്‍ക്കും കൈയടികള്‍ക്കുമിടെ പിണറായി സദസ്സില്‍ മുന്‍നിരയിലെ നേതാക്കളെ അഭിവാദ്യംചെയ്യുന്നു. തുടര്‍ന്ന് വേദിയിലെത്തിയ അദ്ദേഹം എല്ലാവരെയും കൈവീശി അഭിവാദ്യംചെയ്ത് സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക്. സത്യപ്രതിജ്ഞയ്ക്കുശേഷം പിണറായിയെ ബൊക്കെ നല്‍കി ഗവര്‍ണര്‍ അഭിവാദ്യംചെയ്യുന്നു.
പിണറായിക്കുശേഷം നിയമസഭാകക്ഷി നേതാക്കളായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ക്ഷണിച്ചു. പിന്നാലെ അക്ഷരമാലാ ക്രമത്തില്‍ കെ ടി ജലീല്‍, ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എ സി മൊയ്തീന്‍, കെ രാജു, സി രവീന്ദ്രനാഥ്, കെ കെ ശൈലജ, ജി സുധാകരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നു.
4.47– സത്യപ്രതിജ്ഞ അവസാനിക്കുന്നു. വീണ്ടും പൊലീസ് ബാന്‍ഡ് സംഘത്തിന്റെ ദേശീയഗാനം. തുടര്‍ന്ന് ഗവര്‍ണര്‍ മന്ത്രിമാര്‍ക്കൊപ്പം ഫോട്ടോയുമെടുത്ത് ചായ സല്‍ക്കാരത്തിനായി മന്ത്രിമാരെയും കുടുംബാംഗങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ച് വേദി വിടുന്നു.
5.10– മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ ചായസല്‍ക്കാരത്തിനായി രാജ്ഭവനിലേക്ക്.
കേരളം കാത്തിരുന്ന സര്‍ക്കാരിന്റെ ചുമതലയേല്‍ക്കല്‍ കൃത്യവും കണിശവുമായിരുന്നു. അതിരുകടന്ന് ആര്‍ഭാടങ്ങളില്ല. പരിസ്ഥിതിസൌഹൃദം. എല്ലാവരും ഒരേ മനസ്സോടെ, ഒരേ വികാരത്തോടെയാണ് ജനകീയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെ വരവേറ്റത്.
