എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി
തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിനും ജാതി– മത വ്യത്യാസങ്ങള്‍ക്കും അതീതമായി മുഴുവന്‍ പൌരജനങ്ങള്‍ക്കും അവകാശപ്പെട്ട, അവരുടെയാകെ സര്‍ക്കാരായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളജനങ്ങളുടെയാകെ ജീവിതക്ഷേമവും അഭിവൃദ്ധിയും മുന്‍നിര്‍ത്തിയാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഒരു കാര്യത്തില്‍ എല്ലാവര്‍ക്കും വ്യക്തതയുണ്ടാകും; ജാതി– മത വ്യത്യാസമുണ്ടാകില്ല. കക്ഷിരാഷ്ട്രീയ വ്യത്യാസവുമുണ്ടാകില്ല. മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരായിരിക്കും ബുധനാഴ്ച അധികാരമേല്‍ക്കുക. ആ മനോഭാവത്തോടെ മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ. അതേ മനോഭാവത്തോടെയുള്ള പ്രതികരണം സമൂഹത്തില്‍നിന്ന് ഉണ്ടാകുമെന്നും കരുതുന്നു.

തെരഞ്ഞെടുപ്പ് നല്ല വീറോടെയും വാശിയോടെയുമാണ് നടന്നത്. അത് കഴിഞ്ഞു. വിവിധ പാര്‍ടികളിലുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനനന്മയ്ക്കും നാടിന്റെ ഒരുമയ്ക്കുംവേണ്ടി ഒന്നുചേര്‍ന്ന പ്രവര്‍ത്തനമാണ് ഇനി നാടിന് ആവശ്യം. അതുകൊണ്ട്, നന്മയുടെ, നീതിയുടെ, സമൃദ്ധിയുടെ, സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ, പുരോഗതിയുടെ കാലം ഇവിടെ ഉണ്ടാകണം. അതിനായി ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കാമെന്നാണ് കേരളീയ സമൂഹത്തോട് അഭ്യര്‍ഥിക്കാനുള്ളത്.

മെയ് 25 കേരളചരിത്രത്തില്‍ ശ്രദ്ധേയമായ ദിനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മന്ത്രിസഭ ഒരിക്കല്‍ക്കൂടി അധികാരമേല്‍ക്കുന്ന ദിനം. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മനസ്സാകെ ഉണ്ടാകുമെന്നാണ് കരുതുന്നത്. പൊതുസമൂഹമെന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്തവര്‍ മാത്രമല്ല. വോട്ടെടുപ്പില്‍ പങ്കെടുത്ത മുഴുവന്‍ പൌരജനങ്ങളെയും രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കതീതമായി അഭിവാദ്യം ചെയ്യുന്നു. ബുധനാഴ്ചത്തെ സുപ്രധാന നിമിഷത്തിനുവേണ്ടി വിശ്രമമില്ലാതെ രാപകല്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ്സില്‍ തൊട്ട് നന്ദി പറയുന്നു– പിണറായി പറഞ്ഞു.

