എല്‍ഡിഎഫ് അവിശ്വാസം പാസായി: തൃക്കാക്കരയില്‍ യുഡിഎഫ് ചെയര്‍പേഴ്‌സണും പുറത്ത്

തൃക്കാക്കര> തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ യുഡിഎഫിലെ എം ടി ഓമനയെ അവിശ്വസത്തത്തിലൂടെ പുറത്താക്കി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം 22 വോട്ടിനാണ് വിജയിച്ചത്. നഗരസഭയില്‍ 43 അംഗ നഗരസഭയില്‍ 20 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്.ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ‌് കൗണ്‍സിലര്‍ ഷീല ചാരുവും സ്വതന്ത്രനായ എം എം നാസറും അവിശ്വാസത്തെ അനുകൂലിച്ചു. ഇന്നലെ അവിശ്വാസത്തിലൂടെ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെ പുറത്താക്കിയിരുന്നു.
തൃക്കാക്കര നഗരസഭയില്‍ വികസനത്തുടര്‍ച്ചയുണ്ടാകാനും ഭരണപ്രതിസന്ധി മറികടക്കാനുമാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ടി നേതാവും ക്ഷേമകാര്യസമിതി ചെയര്‍മാനുമായ കെ ടി എല്‍ദോ പറഞ്ഞു. തൃക്കാക്കരയിലെ വികസനപ്രവര്‍ത്തനങ്ങളെല്ലാം എല്‍ഡിഎഫ് നടപ്പാക്കിയതാണെന്ന് മുനിസിപ്പല്‍ കണ്‍വീനര്‍ എം ഇ ഹസൈനാര്‍ പറഞ്ഞു. ജില്ല ആസ്ഥാനമെന്ന പ്രത്യേകത മനസ്സിലാക്കി സര്‍ക്കാര്‍കൊണ്ടുവരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍നിന്ന‌് വിട്ടുനിന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന വിപ്പാണ് ഇവര്‍ക്ക് ജില്ലാനേതൃത്വം നല്‍കിയത്. ഷീല ചാരുവിന് വിപ്പ് ലഭിച്ചിട്ടില്ല. പാര്‍ലിമെന്ററി പാര്‍ടിയോഗത്തില്‍ പങ്കെടുക്കാതിരുന്നതിനാല്‍ അവര്‍ക്ക് വിപ്പ് നല്‍കാനായില്ല.

സാബു ഫ്രാന്‍സിസ് എല്‍ഡിഎഫില്‍നിന്ന‌് കാലുമാറിയാണ് യുഡിഎഫില്‍ ചേക്കേറിയത്. ആറുമാസമാണ് വൈസ് ചെയര്‍മാന്‍സ്ഥാനത്തിരുന്നത്.

