എലിപ്പനി പടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു: മന്ത്രി കെ.കെ.ശൈലജ

കണ്ണൂര്‍: സംസ്ഥാനത്ത് എലിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ മരിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ച രണ്ട് മരണങ്ങളും തിരുവനന്തപുരം ജില്ലയിലാണ് ഉണ്ടായത്. മലപ്പുറം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലും എലിപ്പനിയെന്ന് സംശയിക്കുന്ന മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പരിശോധിച്ച ചില സാമ്ബിളുകളില്‍ എലിപ്പനിയല്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതിനാല്‍തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. എലിപ്പനി ബാധയെ കുറിച്ച് ഭീതി വേണ്ട. എല്ലാ വര്‍ഷവും സംസ്ഥാനത്ത് എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പ്രളയത്തിന് മുമ്ബും ഇതുണ്ടായിട്ടുണ്ട്.

എന്നാല്‍ പ്രളയമുണ്ടായ സാഹചര്യത്തില്‍ എലിപ്പനി പടരാനുള്ള വര്‍ദ്ധിച്ച സാദ്ധ്യത മനസിലാക്കി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എലിപ്പനി പടരാതിരിക്കുന്നതിന് ജനങ്ങള്‍ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

