എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ മലയാളിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ നിന്നും തട്ടിക്കൊണ്ട് പോയ ശരത്ത് എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് കണ്ടെത്തുകയായിരുന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരത്തിനെ സെപ്തംബര്‍ 12നാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോകുന്നത്. 50 ലക്ഷം രൂപ മോചനദ്രവ്യം നല്കി തന്നെ മോചിപ്പിക്കണമെന്ന് രണ്ട് ദിവസത്തിന് ശേഷം ശരത്ത് മാതാപിതാക്കളോട് വാട്സ്ആപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശരത്തിന്റെ മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രാമഹള്ളി താടകത്തിന്റെ സമീപം ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. കൈകള്‍ പുറകില്‍ കെട്ടി പാതി കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹമുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലൊരാള്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് വിവരം.

